തിരുവനന്തപുരം: ഉത്സവങ്ങൾ നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി. യാതൊരു കാരണവശാലും ജനക്കൂട്ടം പാടില്ല. കണ്ടെയ്ൻമെൻറ് സോണുകളിൽ ഉത്സവം നടത്താൻ പാടില്ല. 65 വയസിന് മുകളിലുള്ളവരും ഗർഭിണികളും പത്ത് വയസിന് താഴെയുള്ള കുട്ടികളും ഉത്സവത്തിൽ പങ്കെടുക്കാൻ പാടില്ല. ഉത്സവസ്ഥലത്ത് സാമൂഹ്യ അകലം പാലിക്കണം. പൂജകൾക്കും ആരാധനകൾക്കും കാർമികത്വം വഹിക്കുന്നവർ മാസ്ക് ധരിക്കണം. ഒരേസമയം നിശ്ചിത എണ്ണം ഭക്തരെ മാത്രമേ ആരാധനാലയങ്ങളിലേക്ക് കടത്തിവിടാവൂ. ഉത്സവം നടത്തുന്നതിന് മുമ്പ് ആരോഗ്യ വകുപ്പിന്റെ അനുമതി തേടിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
നിബന്ധനകൾ
ആൾക്കൂട്ടമുണ്ടാകില്ലെന്ന് ഉത്സവം നടത്തുന്നവർ ഉറപ്പ് വരുത്തണം
സാമൂഹ്യ അകലം പാലിക്കാതെ അന്നദാനം പാടില്ല.
ക്ഷേത്ര കവാടങ്ങളിൽ തെർമൽ സ്കാനിംഗ് പരിശോധന നടത്തണം
രോഗലക്ഷണമുള്ള ആരെയും കടത്തിവിടരുത്
ബാരിക്കേഡ് കെട്ടിയും നിലത്ത് അടയാളപ്പെടുത്തിയും തിരക്ക് നിയന്ത്രിക്കണം
കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകണം
ഉത്സവത്തിൽ പങ്കെടുക്കുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം
രോഗലക്ഷണം കണ്ടാലുടൻ ദിശ നമ്പറിൽ അറിയിക്കണം
ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കണം