neelam-peroor

തിരുവനന്തപുരം: കവിത ചൊല്ലിയാണ് ഇന്നലെ കവി നീലമ്പേരുർ മധുസൂദനൻ നായർക്ക് ഒപ്പം പ്രവർത്തിച്ചവർ വിട നൽകിയത്. ശാന്തികവാടത്തിലെ വൈദ്യുതജ്വാലകൾ ഏറ്റുവാങ്ങുംമുമ്പ് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ വൈസ് ചെയർമാനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ വിനോദ് വൈശാഖി നീലമ്പേരൂരിന്റെ ചമത എന്ന കവിത ചൊല്ലുകായിരുന്നു. പടി തുറന്നകലത്തെ... എന്നു തുടങ്ങുന്ന കവിത മറ്റുള്ളവരും മനസുകൊണ്ട് ഏറ്റു ചൊല്ലി. നീലമ്പേരൂർ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായിരുന്ന എട്ടു വർഷവും വിനോദ് വൈശാഖിയായിരുന്നു സെക്രട്ടറി.

ഉച്ചയ്ക്ക് 12നായിരുന്നു സംസ്കാരം. നീലമ്പേരൂരിന്റെ അഭിലാഷമനുസരിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കി. അമേരിക്കയിൽ നിന്നെത്തിയ മകൻ എം. ദീപുകുമാർ പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്കാരച്ചടങ്ങ് നടത്തിയത്. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് ജനുവരി രണ്ടിന് പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്നലെ പട്ടം മുണ്ടശേരി ഹാളിലും തുടർന്ന് കുറവൻകോണം പി.ആർ.ലെയിനിലെ നീലംപേരൂർ ഹൗസിലും പൊതുദർശനത്തിനു വച്ചു. മുൻമന്ത്രി എം.വിജയകുമാർ,​ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,​

ഷാജി എൻ കരുൺ, പ്രൊഫ. വി.എൻ മുരളി, പ്രഭാവർമ്മ, മുരുകൻ കാട്ടാക്കട, എം.എൽ.എമാരായ സി.ദിവാകരൻ, വി കെ പ്രശാന്ത്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.