തിരുവനന്തപുരം: തമിഴ് സാഹിത്യവുമായി ബന്ധമുള്ളവർക്കെല്ലാം പരിചിതമാണ് നമ്മുടെ ചാല. ചാലയിലൂടെ ശ്രീപദ്മനാഭന്റെ മണ്ണിനെയും നാട്ടുകാരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്നതാണ് മാധവന്റെ മിക്ക നോവലുകളും കഥകളും. ചാല കമ്പോളത്തിൽ തനിക്ക് പരിചിതരായവരും കുടുംബക്കാരും സഹോദരങ്ങളുമൊക്കെ ഓരോ നോവലിലും നോവലൈറ്റുകളിലും ചെറുകഥകളിലും മാധവന്റെ നായികയും നായകന്മാരുമായി. തമിഴും മലയാളവും ഇടകലർന്ന ഭാഷയിൽ അവർ സമൂഹത്തോട് സംവദിച്ചുകൊണ്ടിരുന്നു.
ഒരു കൈയിൽ കാലൻകുടയും മറുകൈയിൽ മകൻ ഗോവിന്ദരാജനുള്ള ഭക്ഷണവുമായി ചാലയിലൂടെ നടന്നുനീങ്ങിയിരുന്ന മാധവൻ ചാലക്കാരുടെ 'മാധവനണ്ണാച്ചി' ആയിരുന്നു.
ചാലയിൽ പാത്രക്കച്ചവടത്തിനായി എത്തിയവരാണ് മാധവന്റെ മാതാപിതാക്കൾ. തിരുനെൽവേലി സ്വദേശിയായ ആവുടനായകം പിള്ളയുടെയും ചെങ്കോട്ട സ്വദേശിയായ ചെല്ലമ്മാളിന്റെയും ആറുമക്കളിൽ ഏറ്റവും ഇളയവനായി 1934ൽ ജനിച്ച ആ.മാധവനെ, തിരുവിതാംകൂറിൽ പത്മനാഭന്റെ നാലുചക്ര ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അന്ന് എട്ടാം ഫോറം പാസാകുന്നവർക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് മനസിലാക്കിയ ആവുടനായകം മകനെ മലയാളം പഠിപ്പിച്ചു.പക്ഷേ മാധവന് തമിഴിനോടായിരുന്നു കമ്പം. അതുകൊണ്ടുതന്നെ മാധവന്റെ സാഹിത്യസൃഷ്ടികളെല്ലാം വെളിച്ചംകണ്ടത് തമിഴ്നാട്ടിലായിരുന്നു.തമിഴ്നാട്ടിൽ കൊടുമ്പിരിക്കൊണ്ട ദ്രാവിഡ മന്നേറ്റത്തിന് ഇവിടെയിരുന്ന് മാധവൻ അക്ഷരങ്ങളിലൂടെ അഗ്നി പകർന്നു.
വൈക്കം മുഹമ്മദ് ബഷീർ,മലയാറ്റൂർ, മാധവിക്കുട്ടി, എസ്.കെ.പൊറ്റക്കാട്. ഉറൂബ്, പി.കെ.ബാലകൃഷ്ണൻ തുടങ്ങിയവരുടെ സൃഷ്ടികൾ ചാലയിലെ കുടുസുമുറികളിൽ നിന്ന് തമിഴിലേക്ക് പരകായ പ്രവേശം നടത്തി. 2002ൽ ഭാര്യ ശാന്തയും 2004ൽ മകൻ ഗോവിന്ദരാജനെയും അർബുദം കവർന്നതോടെ മാധവൻ പേന താഴെവച്ചു. കച്ചവടം നിറുത്തി. ഇതിനിടയിൽ പുറംലോകം കാണാതെ കിടന്ന അച്ഛന്റെ ലേഖനങ്ങളും ചില കുറിപ്പുകളും മക്കളായ കലാ സെൽവിയും മലർ ശെൽവിയും പുസ്തകമാക്കുന്നതിനായി തമിഴ്നാട്ടിലെ പ്രമുഖ പബ്ലിക് ഗ്രൂപ്പായ രാജേശ്വരി ഗ്രൂപ്പിന് കൈമാറി. 374 പേജുവരുന്ന ആ പുസ്തകമാണ് 2015ൽ കേന്ദ്രസാഹിത്യ പുരസ്‌കാരം ലഭിച്ച 'ഇലക്കിയ ചുവടുകൾ'