തിരുവനന്തപുരം: സ്കൂട്ടറിൽ എട്ട് കിലോ കഞ്ചാവുമായി വരുന്നതിനിടയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പാറശാല ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ചാലിയകുടിവിള വീട്ടിൽ ചന്ദ്രന്റെ മകൻ അനുവിനെയാണ് (34) പി.ആർ.എസ് ആശുപത്രിക്ക് സമീപത്തുവച്ച് എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്വാഡും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്. എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ജില്ലയിലെ ചില്ലറ വില്പനക്കാർക്കായി ആന്ധ്രാപ്രദേശിൽനിന്നും കഞ്ചാവ് എത്തിച്ച് നൽകുന്ന കണ്ണിയിലെ അംഗമാണ് അനുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരും. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ സി.കെ, ആർ. രാജേഷ്, ഇൻസ്‌പെക്ടർ അജയകുമാർ, പ്രിവന്റിവ് ഓഫീസർമാരായ തോമസ്, ഉണ്ണികൃഷ്ണൻ നായർ.വി, ആർ. പ്രകാശ്, രാജ പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ, ശരത്, ആദർശ്, ഡ്രൈവർ ബിനുകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.