1

പോത്തൻകോട്: അയിരൂപ്പാറയിൽ മദ്ധ്യവയസ്കൻ സുഹൃത്തുക്കളുടെ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ തേരുവിള അറപ്പുര വീട്ടിൽ രാധാകൃഷ്ണനാണ് (57) മരിച്ചത്.

തിങ്കളാഴ്ച രാത്രി 12.30 ന് നടന്ന സംഭവത്തിൽ രാധാകൃഷ്‌ണന്റെ സുഹൃത്തുക്കളായ അനിൽ (51), കുമാർ (59) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട രാധാകൃഷ്‌ണനും, പ്രതികളായ അനിലും സി.ഐ.ടി.യു തൊഴിലാളിയായ കുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോഴും അല്ലാത്തപ്പോഴും കുമാറിനെ രാധാകൃഷ്ണൻ അകാരണമായി ഉപദ്രവിച്ചിരുന്നു. തന്റെ വീട്ടിൽ നിന്ന് പലപ്പോഴായി പണം മോഷണം പോകുന്നതിന് പിന്നിൽ കുമാറാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അനിൽ പലതവണ വിലക്കിയിട്ടും രാധാകൃഷ്‌ണൻ ഉപദ്രവം തുടർന്നു. കഴിഞ്ഞയാഴ്ച റോഡിൽ നിന്ന കുമാറിനെ രാധാകൃഷ്ണൻ ചവിട്ടി താഴെ വീഴ്ത്തി. തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവ ദിവസം രാത്രി രാധാകൃഷ്‌ണൻ മദ്യപിച്ച് അയിരൂപ്പാറ ജംഗ്‌ഷനു സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന വിവരമറിഞ്ഞ പ്രതികൾ ആയുധങ്ങളുമായെത്തിയാണ് കൃത്യം നടത്തിയത് . കുമാർ രാധാകൃഷ്ണന്റെ കാലിൽ വെട്ടുന്നതും, പിന്നാലെയെത്തിയ അനിൽ മഴു കൊണ്ടു തുരുതുരാ വെട്ടുന്നതും സമീപത്തെ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൈയിലും മുതുകത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ സുഹൃത്തുക്കൾ ഉപേക്ഷിച്ച് കടന്നു. ഏറെ നേരം രക്തം വാർന്ന് കടത്തിണ്ണയിൽ കിടന്നു.അതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് പൊലീസിൽ അറിയിച്ചത്.

കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുന്ന രാധാകൃഷ്ണൻ നിർമ്മാണ തൊഴിലാളിയാണ്. അനിൽ മരംവെട്ട് തൊഴിലാളിയും. സി.ഐ.ടി.യു തൊഴിലാളിയായ കുമാർ വെയിലൂർ ശാസ്തവട്ടത്തുള്ള കുടുംബവുമായി അകന്ന് അയിരൂപ്പാറയിലാണ് താമസം. പോസ്റ്റുമോർട്ടത്തിന് ശേഷം രാധാകൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നളിനകുമാരിയാണ് ഭാര്യ. മക്കൾ : രഞ്ജു കൃഷ്ണ, രജിൻ കൃഷ്ണ.

കൊല്ലപ്പെട്ട രാധാകൃഷ്‌ണൻ നിരവധി കേസുകളിൽ പ്രതിയാണ്. മുമ്പ് എസ്.ഐയെ കൈയേറ്റം ചെയ്‌തതിലും, പോത്തൻകോട് വസ്ത്രാലയത്തിലും മേലേവിളയിലും അക്രമം നടത്തിയതിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ മേൽനോട്ടത്തിൽ പോത്തൻകോട്‌ സി.ഐ ഗോപി. ഡി, എസ്‌.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രൻ, ഗ്രേഡ് എസ്.ഐമാരായ ഷാബു, സുനിൽകുമാർ, ഗോപകുമാർ, എ.എസ്‌.ഐ ഷാജി, സി.പി.ഒ ഉണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.