കിളിമാനൂർ: തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വന്ന കാർഷിക സംസ്കൃതിയിൽ പുതു പുത്തൻ ഏടുകൾ കൂട്ടിച്ചേർക്കുകയാണ് മടവൂർ ഗവൺമെന്റ് എൽ.പി.എസിലെ കുട്ടി കർഷകർ. സ്കൂളിലെ കാർഷിക ക്ലബിന്റെയും മടവൂർ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത നെൽ കൃഷിയുടെ വിളവെടുപ്പുത്സവം ആനകുന്നം ഏലാലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഡ്വ. വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കാർഷിക കൂട്ടായ്മകൾ, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.