kunn

മുക്കം: അനധികൃത കുന്നിടിക്കൽ വിവാദമായതോടെ ഒടുവിൽ നടപടി സ്വീകരിച്ച് കാരശ്ശേരി പഞ്ചായത്ത്. കുന്നിടിക്കൽ നിർത്താൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകി. കറുത്ത പറമ്പിൽ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്താണ് വൻതോതിൽ
മലയിടിച്ച് നിരത്തി കൊണ്ടിരുന്നത്. ഇക്കാര്യം ഇന്നലെ കേരളകൗമുദി ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും ഉടമയ്ക്ക് നോട്ടീസു നൽകുകയും ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസം നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പർ ലോറികളും ഉപയോഗിച്ചാണ് നിർബാധം പ്രവൃത്തി നടന്നത്. ഗ്രാമ പഞ്ചായത്ത്, ഉദ്യോഗസ്ഥ ഭരണത്തിലാവുകയും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ജോലിയിൽ മുഴുകുകയും ചെയ്ത അവസരത്തിലാണ് മണ്ണെടുപ്പ് തുടങ്ങിയത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി അടക്കം ഈ മേഖലയിൽ വിവിധ റോഡു നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ അവരുടെ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കാനും ലാബ് നിർമ്മിക്കാനുമായാണ് കുന്നിടിച്ചു നിരത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കെമിക്കൽ ലാബും മെക്കാനിക്കൽ വർക്ക്‌ഷോപ്പും നിർമ്മിക്കാനും വാഹനങ്ങൾ പാർക്കു ചെയ്യാനും ജോലിക്കാർക്ക് താമസ സൗകര്യമൊരുക്കാനുമാണ് കരാർ കമ്പനിക്കാർ ഇവിടെ നിർമ്മാണ ജോലികൾ നടത്തുന്നതെന്നും ഇത് സി.പി.എമ്മിന്റെയും എം.എൽ.എയുടെയും അറിവോടെയാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.