അനാരോഗ്യമുള്ളവർ അതിനനുസരിച്ച് ശീലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. ഒഴിവാക്കേണ്ട പല കാര്യങ്ങളും ശീലിക്കുന്നത് ശരിയായ അറിവില്ലായ്മ കൊണ്ടാണ്. അത് രോഗവർദ്ധനയ്ക്ക് ഇടയാക്കും. ഹിതമായവ ശീലിച്ചാൽ ഔഷധ ഉപയോഗവും കുറയ്ക്കാനാകും.
അസിഡിറ്റിയുള്ളവർക്ക് ചെറിയ വാഴപ്പഴങ്ങൾ നല്ലതാണ്. എന്നാൽ, എരിവും പുളിയും പരമാവധി കുറയ്ക്കണം. ഗ്യാസിന്റെ അസുഖമുള്ളവർ സമയത്ത് ഭക്ഷണം കഴിക്കണം. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കണം.
കാലിന്റെ മസിലുകൾക്ക് വേദനയുള്ളവർ തൈലം താഴെ നിന്ന് മുകളിലേക്ക് പുരട്ടി തടവണം. പുകവലി ഒഴിവാക്കണം. പ്രമേഹരോഗികൾ കണ്ണിനെ സംരക്ഷിക്കുന്നതിനായി ആയുർവേദ തുള്ളി മരുന്ന് ഉപയോഗിക്കണം. കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കണം
ആസ്പിരിൻ കഴിക്കുന്നവരിൽ വയറുവേദനയുള്ളവർ അൾസർ ഒഴിവാക്കുന്ന ഭക്ഷണം കൂടി ശീലിക്കണം. പുകവലിയും മദ്യവും ഒഴിവാക്കുന്നതാണ് നല്ലത്.
തലവേദനയുള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കണം. ടെൻഷൻ ഒഴിവാക്കണം
ആർത്തവ സമയത്ത് വേദനയുള്ളവർ ശരിയായി ഭക്ഷണം കഴിച്ച് വിശ്രമിക്കണം. യാത്രകൾ ഒഴിവാക്കണം.
വെള്ളപോക്കുള്ളവർ പൊതുവായ ആരോഗ്യവും ശ്രദ്ധിക്കണം.അച്ചാർ ഒഴിവാക്കണം. മൂത്രത്തിൽ പഴുപ്പുള്ളവർ ശരീരത്തെ തണുപ്പിക്കുന്ന ആഹാരം കഴിക്കണം. എരിവും പുളിയും ചൂടും ഒഴിവാക്കണം. രക്തസമ്മർദ്ദമുള്ളവർ ശരിയായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഉപ്പും ടെൻഷനും കുറയ്ക്കണം. ഓർമ്മക്കുറവുള്ളവർ നെയ്യ് ഉപയോഗിക്കണം. മറന്നു പോകുമോ എന്നുള്ള ഭയം ഒഴിവാക്കണം.
മലശോധനക്കുറവുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം. എണ്ണയിൽ വറുത്തവയും എരിവും മാംസവും ഒഴിവാക്കുന്നതാണ് ഉചിതം. അർശസ് ഉള്ളവർ കോഴി മാംസവും കോഴിമുട്ടയും ഒഴിവാക്കണം. പകരം മോരും ചുവന്നുള്ളിയും ആഹാരത്തിൽ ഉൾപ്പെടുത്തണം
പ്രമേഹ രോഗികൾ ഭക്ഷണം അഞ്ചുനേരമാക്കി വിഭജിച്ചു കഴിക്കണം. പഞ്ചസാര, ശർക്കര,തേൻ, കരുപ്പട്ടി എന്നിവ ഒഴിവാക്കണം. വെരിക്കോസ് വെയിനുള്ളവർ കാലിൽ തൈലം പുരട്ടി മുകളിലേക്ക് തടവണം. തുടർച്ചയായി നിൽക്കുന്നത് ഒഴിവാക്കുകയും വേണം.
തലകറക്കമുള്ളവർ ബ്ലഡ് ഷുഗറും ബ്ലഡ് പ്രഷറും പരിശോധിക്കണം. വിശ്രമിക്കുകയും വേണം. ഉയർന്ന ഇടങ്ങളിൽ നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. കൊളസ്ട്രോൾ വർദ്ധിക്കുന്നത് ഒഴിവാക്കാൻ കൃത്യസമയത്ത് ഭക്ഷണം കഴിച്ചു ശീലിക്കണം. അലസമായ ജീവിത രീതി മാറ്റണം
ജലദോഷമുള്ളവർ ഇഞ്ചിനീരിൽ തേൻ ചേർത്ത് കഴിക്കണം. പകലുറങ്ങരുത്.അലർജിയുള്ളവർ മാസ്ക് ഉപയോഗിക്കണം. അലർജിക്ക് കാരണമായ വസ്തുക്കളെ തിരിച്ചറിഞ്ഞ് ഒഴിവാക്കണം.