mars

വരുന്ന ഒരു മാസത്തിനുള്ളിൽ, മനുഷ്യനിർമ്മിതമായ മൂന്ന് ഉപഗ്രഹങ്ങൾ ചൊവ്വയുടെ ചുവന്ന മണ്ണിലേക്ക് ഇറങ്ങാൻ പോവുകയാണ്. യു.എ.ഇയുടെ ഹോപ്പ് ഓർബിറ്റർ, നാസയുടെ പെർസവീയുറൻസ് റോവർ, ചൈനയുടെ ടിയാൻവെൻ - 1 ദൗത്യം എന്നിവയാണത്. മൂന്നിന്റെയും ലക്ഷ്യം ഒന്ന് തന്നെ; ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തുക. ഇതോടെ ബഹിരാകാശ ലോകത്തെ ഏറ്റവും തിരക്കേറിയ വർഷങ്ങളിൽ ഒന്നാകാൻ ഒരുങ്ങുകയാണ് 2021. നിരവധി ബഹിരാകാശ മിഷനുകളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അവയിൽ ചിലത് ഈ വർഷം തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്യും. എന്നാൽ അടുത്ത മാസം സുപ്രധാനമായ മൂന്ന് ചൊവ്വാ ദൗത്യങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

 യു.എ.ഇ

അടുത്ത മാസം ആദ്യം ചൊവ്വയിലെത്തുന്ന ദൗത്യം യു.എ.ഇയുടെ ഹോപ്പ് ( Hope ) ഓർബിറ്റർ ആണ്. ചൊവ്വയിലേക്കുള്ള ആദ്യ അറബ് മിഷൻ ആണിത്. 2020 ജൂലായ് 19ന് ജപ്പാനിലെ താനെഗാഷിമയിൽ നിന്നാണ് ഈ റോക്കറ്റ് കുതിച്ചുയർന്നത്. യു.എ.ഇ രൂപംകൊണ്ടതിന്റെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് മിഷൻ. ഫെബ്രുവരി 9ന് മിഷൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ അന്തരീക്ഷം പഠിക്കുകയാണ് പ്രധാന ലക്ഷ്യം. താഴ്ന്ന അന്തരീക്ഷ പഠനത്തിനായി ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോണിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ഹൈ റെസല്യൂഷൻ ഇമേജർ, ഓക്സിജൻ - ഹൈഡ്രജൻ ലെവൽ പരിശോധിക്കുന്നതിന് അൾട്രാവയലറ്റ് സ്പെക്ട്രോമീറ്റർ എന്നിവ ഹോപ്പിന്റെ ഭാഗമായുണ്ട്.

 ചൈന

ഹോപ്പിന് പിന്നാലെ ചൈനയുടെ ടിയാൻവെൻ - 1 ( Tianwen-1 ) ചൊവ്വയിലെത്തും. ഫെബ്രുവരി 10നാണ് ചൈനീസ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. ലാൻഡിംഗ് നടക്കുക ഏപ്രിൽ 23നാണ് എന്നാണ് കരുതുന്നത്. ഹെനാൻ ദ്വീപിൽ നിന്ന് 2020 ജൂലായ് 23നാണ് പേടകത്തെ വഹിച്ചു കൊണ്ട് ലോംഗ് മാർച്ച് - 5 റോക്കറ്റ് കുതിച്ചുയർന്നത്. ടിയാൻവെൻ എന്നാൽ ' സ്വർഗത്തോടുള്ള ചോദ്യങ്ങൾ ' എന്നാണർത്ഥം. ഈ മിഷന് മൂന്ന് ലക്ഷ്യങ്ങളാണുള്ളത്. ചൊവ്വയുടെ ഭ്രമണപഥത്തിൽ സ്പേസ് പ്രോബിനെ സ്ഥാപിക്കുക, ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുക, തുടർന്ന് പഠനം നടത്താൻ റോബോട്ടിക് റോവറിനെ സ്വതന്ത്രമാക്കുക എന്നിവയാണത്.

 നാസ

2020 ജൂലായ് 30ന് കേപ്പ് കനാവെറലിൽ നിന്ന് വിക്ഷേപിച്ച നാസയുടെ ' മാർസ് 2020 ' പദ്ധതിയുടെ ഭാഗമായ പർസവിയുറൻസ് റോവർ ( Perseverance )ആണ് മൂന്നാമതായി ലക്ഷ്യ സ്ഥാനത്തേക്കെത്തുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ റോവർ വെഹിക്കിളിനെ ലാൻഡ് ചെയ്യിക്കുക എന്നതാണ് ഈ മിഷന്റെ ദൗത്യം. ഫെബ്രുവരി 18നാണ് മിഷൻ ചൊവ്വയിലിറങ്ങുക. ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്നറിയാൻ ജെസെറോ ഗർത്തത്തിൽ റോവർ പര്യവേഷണം നടത്തും. ഈ മിഷൻ വഴി ശേഖരിക്കുന്ന 40 ഓളം കല്ലുകളും സാമ്പിളുകളും മറ്റൊരു മിഷനിലൂടെ ഭൂമിയിലേക്കെത്തിക്കും.