valayar

വാളയാറിലെ രണ്ടു ദളിത് പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെയെല്ലാം വെറുതേവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെ റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്താനും നിർദ്ദേശിച്ചു. മാത്രമല്ല പ്രോസിക്യൂഷനോ പെൺകുട്ടികളുടെ മാതാവോ ആവശ്യപ്പെടുകയാണെങ്കിൽ പുനരന്വേഷണവും ആകാമെന്നാണ് ഹൈക്കോടതിയുടെ തീർപ്പ്. സർക്കാർ ആ വഴിക്കുതന്നെ നീങ്ങുമെന്ന സൂചനയും വന്നിട്ടുണ്ട്. കേരളത്തിന്റെ മനസ്സാക്ഷിയെ നാലുവർഷമായി കുത്തിമുറിവേല്പിച്ചുകൊണ്ടിരുന്ന അതിദാരുണമായ സംഭവത്തിൽ ഇപ്പോഴെങ്കിലും നീതിയുടെ കരങ്ങൾ ശരിയായ ദിശയിൽ ചലിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നത് നിയമ - നീതി സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവനാളുകൾക്കും സന്തോഷവും ആശ്വാസവും പകരും.

പാലക്കാട് പോക്സോ കോടതി വിധി പൂർണമായും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ പൊലീസിനെയും പ്രോസിക്യൂഷനെയും മാത്രമല്ല പോക്സോ കോടതിയെയും വരെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണങ്ങളും പരാമർശങ്ങളും ഉണ്ട്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം തന്നെ നൽകണമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. ഈ കേസിലുടനീളം പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ചും വിധിയിൽ പരാമർശമുണ്ട്. ആദ്യം കേസ് കൈകാര്യം ചെയ്ത വാളയാർ എസ്.ഐ മുതൽ പ്രോസിക്യൂട്ടർമാർ വരെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് മുഴുവൻ പ്രതികളെയും വിട്ടയയ്ക്കുന്ന തരത്തിൽ കേസ് ദുർബലപ്പെടാൻ ഇടവരുത്തിയത്. സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവർ സാധാരണ നേരിടേണ്ടിവരുന്ന നിയമ - നീതി നിഷേധങ്ങളുടെ ദാരുണ മാതൃകകളിലൊന്നു മാത്രമാണ് വാളയാർ കേസിലും സംഭവിച്ചത്. അതു തിരുത്താനുള്ള മാർഗം ഇപ്പോൾ മേൽ കോടതിയിൽ നിന്നുതന്നെ ഉണ്ടായി എന്നത് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ദൃഢപ്പെടുത്തുന്നു.

പ്രതികളെയെല്ലാം വെറുതേവിട്ടു വിധി പറഞ്ഞ ഒരു കേസിൽ വാദി ഭാഗവും സർക്കാരും പുനർവിചാരണ ആവശ്യപ്പെട്ട് മേൽ കോടതിയെ സമീപിച്ച അത്യപൂർവമായ കേസ് കൂടിയാണിത്. സംസ്ഥാന ജുഡിഷ്യൽ ചരിത്രത്തിൽത്തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാകാം. അതിക്രമങ്ങൾക്കിരയാകേണ്ടിവരുന്ന ഹതഭാഗ്യരായ പെൺകുട്ടികൾക്ക് സത്വര നീതി ഉറപ്പാക്കാൻ വേണ്ടിയാണ് രാജ്യത്തുടനീളം പോക്സോ കോടതികൾ നിലവിൽ വന്നത്. വാളയാറിലെ പതിമൂന്നും ഒൻപതും വയസു മാത്രമുള്ള രണ്ടു സാധു പെൺകുട്ടികളുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ച പൊലീസും കേസ് കോടതിയിൽ അങ്ങേയറ്റം നിരുത്തരവാദപരമായി കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർമാരും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നു മാത്രമല്ല അങ്ങേയറ്റം ഉദാസീനരായി നിലകൊള്ളുകയും ചെയ്തു. സഹോദരിമാരിൽ മൂത്ത കുട്ടിയുടെ ജഡം വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടിയുടെ ജഡവും മൂന്നുമാസത്തിനകം സമാന സാഹചര്യത്തിൽ കണ്ടിട്ടുപോലും അതിനു പിന്നിലെ ദുരൂഹത കണ്ടെത്താനാവശ്യമായ ഒരന്വേഷണവും പൊലീസ് നടത്തിയില്ല. മാത്രമല്ല രണ്ടാമത്തെ കുട്ടിയുടേത് ആത്മഹത്യയല്ല, ക്രൂരമായ കൊലപാതകം തന്നെയാണെന്ന ആരോപണവും ഉയർന്നതാണ്. ശേഖരിച്ച തെളിവുകളിൽത്തന്നെ പലതും വിചാരണ വേളയിൽ കോടതിയിലെത്തിയതുമില്ല. അൻപതിലേറെ പേർ സാക്ഷികളായി ഉണ്ടായിരുന്നു. അവരിലധികം പേരും കോടതിയിൽ കൂറുമാറുകയും ചെയ്തു. പെൺകുട്ടികളുടെ മാതാവ് ഉൾപ്പെടെ അടുത്ത ബന്ധുക്കളുടെ മൊഴികൾ പോലും പ്രതികൾക്കെതിരെ നിരത്താൻ പ്രോസിക്യൂഷൻ താത്‌പര്യം കാട്ടാതിരുന്നതും വിചാരണ വേളയിൽ വലിയ വിവാദമാവുകയുണ്ടായി. ചുരുക്കത്തിൽ പ്രതികൾക്കുവേണ്ടിയെന്നോണമാണ് തുടക്കം മുതൽ അവസാനം വരെ ഈ കേസ് കൈകാര്യം ചെയ്തത്.

വാളയാർ കേസിലുണ്ടായ പാളിച്ചകൾ സർക്കാരിനും പൂർണമായും ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കോടതി വിധി റദ്ദാക്കണമെന്ന അപേക്ഷയുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വീണ്ടും സമഗ്രമായ അന്വേഷണവും വിചാരണയും വേണമെന്നതായിരുന്നു സർക്കാർ നിലപാട്. വിശ്വസ്തരും അർപ്പണബോധമുള്ളവരും സത്യസന്ധരുമായ ഉദ്യോഗസ്ഥരടങ്ങിയ പുതിയ സംഘത്തെ നിയമിച്ച് പുതിയ അന്വേഷണം നടത്താവുന്നതാണ്. പോക്സോ കോടതി വിട്ടയച്ച മൂന്നു പ്രതികളോടും ജനുവരി 20-ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചു പ്രതികളുണ്ടായിരുന്നതിൽ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ജുവനൈൽ കോടതിയിലാണ് അയാളുടെ വിചാരണ.

വാളയാർ കേസ് അന്വേഷണത്തിൽ സംഭവിച്ച പിഴവുകൾ നേരത്തെ ജുഡിഷ്യൽ കമ്മിഷനും അക്കമിട്ടു നിരത്തിയതാണ്. ആദ്യ സംഭവത്തിൽ പൊലീസ് സത്യസന്ധതയോടെ ഇടപെട്ടിരുന്നുവെങ്കിൽ രണ്ടാമത്തെ കുട്ടിയെ മരണത്തിൽ നിന്നു രക്ഷിക്കാമായിരുന്നു എന്ന കമ്മിഷന്റെ കണ്ടെത്തൽ ശ്രദ്ധേയമാണ്.

സമൂഹമനസ്സാക്ഷിയെ പാടേ പിടിച്ചുലച്ച ഇതുപോലൊരു സംഭവം എത്ര ലാഘവത്തോടെയാണ് നിയമ - നീതിപാലകർ കൈകാര്യം ചെയ്തതെന്നു ആലോചിക്കുമ്പോൾ ലജ്ജിച്ചു തലതാഴ‌്‌ത്താനേ സാധിക്കൂ. മക്കളെ നഷ്ടപ്പെട്ട ആ മാതാവിന്റെ കണ്ണീരിനും തളരാത്ത പോരാട്ടത്തിനും ഇപ്പോഴെങ്കിലും ഫലമുണ്ടായത് ആശ്വാസകരം തന്നെ. പുനരന്വേഷണത്തിലും പുനർവിചാരണയിലും പ്രതികൾ ശിക്ഷിക്കപ്പെടുമ്പോഴേ നീതിക്കു വേണ്ടിയുള്ള ആ സാധുകുടുംബത്തിന്റെ യാത്ര അവസാനിക്കുകയുള്ളൂ. പോക്സോ കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. കേസന്വേഷണത്തിലെ പാകപ്പിഴകൾ മനസിലാക്കാനും ഭാവിയിൽ ഇത്തരം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു മാർഗനിർദ്ദേശം നൽകുന്നതിനും വേണ്ടിയാണിത്. കുറ്റവാളികൾക്കും സാമൂഹ്യവിരുദ്ധന്മാർക്കും വേണ്ടി പണിയെടുക്കുന്നവർ പൊലീസ് സേനയിൽ ധാരാളമുള്ളതിനാൽ ഇത്തരത്തിലൊരു മാർഗനിർദ്ദേശം ഏറെ ആവശ്യമായ കാലമാണിത്.