മുടപുരം: രോഗബാധിതനായി ആരുടെയും സഹായമില്ലാതെ അനാഥനായി കിടന്ന ഇന്ദിരന് സഹായഹസ്തവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിലെ കടത്തിണ്ണയിൽ അവശനായി കിടന്ന ഇന്ദിരനെ പ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു..
വേദന കൊണ്ട് പുളയുകയായിരുന്ന ഇന്ദിരനെ എല്ലാവരും കണ്ടു പോകുന്നതല്ലാതെ ഒന്ന് സഹായിക്കാൻ എത്തിയില്ല. ഈ അവസ്ഥ കണ്ട ഡി.വൈ.എഫ്. ഐ പ്രവർത്തകർ അഴൂർ ഗ്രാമ പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ ഏരിയാ ട്രഷററുമായ ടി.കെ. റെജിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു.
തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്കി, അരുൺ, പ്രജേഷ്, വിപിൻ, മഞ്ചേഷ്, സജിത്ത്, മനോജ്, രാജു, ഉണ്ണിക്കുട്ടൻ എന്നിവർ ചേർന്നാണ് ഇന്ദിരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. തുടർന്ന് ചികിത്സയ്ക്കായി സാമ്പത്തിക സഹായം ഡി.വൈ.എഫ്ഐ പ്രവർത്തകർ മകന് കൈമാറി.