pin

തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനതീതമായ വികസന കൂട്ടായ്മ ഉണ്ടാകണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് വിവേചനം ഉണ്ടാകില്ല. പുതിയ തദ്ദേശപ്രതിനിധികളോട് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ജനപ്രതിനിധികൾ വിശ്രമമില്ലാതെ പ്രവർത്തിക്കണം.

ലൈഫ് മിഷനിൽ നിർമ്മാണം തുടരുന്ന വീടുകൾ വേഗം പൂർത്തിയാക്കി നൽകണം. കെ.എസ്.ഇ.ബിയുമായി ചേർന്ന് നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലൂടെ തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കി മാറ്റും. ജനുവരി 31നകം രണ്ടു ലക്ഷം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണം. പൊതു ശൗചാലയങ്ങളുടെ നിർമ്മാണത്തിലും പരിപാലനത്തിലും കൂടുതൽ ശ്രദ്ധിക്കണം. 2365 ശൗചാലയങ്ങളാണ് പണിയുന്നത്. ഇതിൽ 1224 എണ്ണം ഈ വർഷം പൂർത്തിയാക്കണം.

സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശകൾ പരിഗണിച്ച് കൂടുതൽ വിഭവങ്ങൾ പ്രാദേശിക സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറും. ഈ സർക്കാർ വന്നപ്പോൾ ബഡ്ജറ്റ് വിഹിതത്തിന്റെ 23 ശതമാനമായിരുന്നു പ്രാദേശിക സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്. അതിപ്പോൾ 25 ശതമാനത്തിലധികമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൂടുതൽ തുക കൈമാറുന്നുണ്ട്.

തൊഴിലുകൾ സൃഷ്ടിക്കണം

തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. 1000 പേർക്ക് അഞ്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഓരോ സ്ഥാപനവും പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കണം. കാർഷികരംഗത്ത് വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയും. ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ വരുന്നവർക്ക് നിയമവിധേയമായ എല്ലാ സഹായവും നൽകണം. സംരംഭകർ പ്രാദേശിക സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മനംമടുക്കുന്ന സ്ഥിതി ഉണ്ടാവരുത്. സംരംഭകരുടെ പ്രശ്‌നങ്ങൾ അങ്ങോട്ട് ചെന്ന് ചോദിച്ചറിഞ്ഞ് പരിഹരിക്കണം.

ടെൻഡർ നിർബന്ധം

അഴിമതിക്കെതിരായ ജാഗ്രത തുടരണം. നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സർക്കാരിന് പുറത്തുള്ള ഏജൻസികളെക്കൂടി ഉൾപ്പെടുത്തിയുള്ള സംവിധാനം പരിഗണനയിലുണ്ട്. 50,​000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികൾക്കും ടെൻഡറിംഗും ഇ ടെൻഡറിംഗും നിർബന്ധമാക്കിയതോടെ ഗുണഭോക്തൃസമിതിയെ മുന്നിൽ നിറുത്തിയുള്ള അഴിമതി ഇല്ലാതായി.

പദ്ധതി രൂപീകരണം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കുകയും നിർവഹണം ഏപ്രിൽ ഒന്നിന് തുടങ്ങുകയും ചെയ്യുന്ന രീതി സർക്കാർ പ്രാവർത്തികമാക്കി. 2021-22 ലെ വാർഷിക പദ്ധതിയുടെ നിർവഹണവും ഏപ്രിൽ ഒന്നിന് ആരംഭിക്കണം.

നിരാലംബർക്ക് തണൽ

സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കിടപ്പുരോഗികൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും താങ്ങും തണലുമായി പ്രാദേശിക സ്ഥാപനങ്ങൾ നിലകൊള്ളണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കും സർക്കാർ സേവനങ്ങളും മരുന്നും വീടുകളിലെത്തിക്കാനുള്ള പരിപാടി വിജയിപ്പിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങളും സാമൂഹ്യസന്നദ്ധ സേനാംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടലുകൾ ശക്തിപ്പെടുത്തണം. പ്രഭാത, സായാഹ്ന സവാരിക്കും വയോജനങ്ങൾക്ക് ഒത്തുചേരാനും പൊതുഇടങ്ങളിൽ സൗകര്യമുണ്ടാകണം.