ചിറയിൻകീഴ്: ഒരു നാടിന്റെ ആഗ്രഹ സഫലീകരണമായ പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം വേണമെന്ന ആവശ്യം അധികൃതരുടെ കനിവ് തേടി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തിരുവനന്തപുരം - കൊല്ലം പാതയിൽ മറ്റ് പല റെയിൽവേ ഗേറ്റുകൾക്കും ഈ ആവശ്യം അംഗീകരിക്കപ്പെടുമ്പോഴും പെരുങ്ങുഴി മാത്രം അവഗണിക്കപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും റെയിൽവേ അധികൃതർക്ക് ലഭിച്ചെങ്കിലും അധികൃതരുടെ അവഗണന മനോഭാവം കാരണം ഒന്നും വെളിച്ചം കണ്ടില്ല.
കൊവിഡിന് മുമ്പ് വരെ ദിനം പ്രതി തൊണ്ണൂറോളം പ്രാവശ്യമാണ് ഇവിടെ ട്രെയിനുകൾക്കായി ഗേറ്റടയ്ക്കുന്നത്. ഏറ്റവും കൂടുതൽ ട്രെയിനുകളുള്ള രാവിലെയും വൈകിട്ടുമാണ് ഗേറ്റടപ്പ് കൂടുതൽ രൂക്ഷം.
ആറാട്ട് കടവ് - കുഴിയം - അഴൂർ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇതു വഴിയുള്ള വാഹന യാത്രക്കാരുടെ നിര ഇനിയും ഉയരും. ഇപ്പോൾ തന്നെ ഗേറ്റ് അടക്കുമ്പോൾ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിര കാണാം. ഇന്നാട്ടിലെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മനസിലാക്കി അടിയന്തരമായി ഇവിടെ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിനം പ്രതി ഗേറ്റടയ്ക്കുന്നത് - 90 ഓളം പ്രാവശ്യം
ഇതുവഴി യാത്ര ചെയ്യുന്നത്
പെരുങ്ങുഴി ആറാട്ട് കടവ്, ഇടഞ്ഞുംമ്മൂല കോളം, കുഴിയം കോളനി, പ്ലാവിന്റെമൂട് തുടങ്ങിയ പ്രദേശങ്ങളിലുള്ള നൂറുക്കണക്കിന് പേർ
രോഗികളുടെ കാര്യം കഷ്ടം
ഗേറ്റടപ്പ് കാരണം അത്യസന്ന നിലയിലുള്ള രോഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. മാത്രവുമല്ല അത്യാവശ്യത്തിന് ഒരു ആട്ടോ വിളിച്ചാൽ പോലും റെയിൽവേ ഗേറ്റ് കടന്ന് വരാൻ പലർക്കും മടിയാണ്.
സിഗ്നൽ ലൈറ്റ് വേണം
മുരുക്കുംപുഴയ്ക്കും- ചിറയിൻകീഴിനും ഇടയ്ക്കുള്ള 571 ാം നമ്പർ റെയിൽവേ ഗേറ്റായ പെരുങ്ങുഴിയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തത് കാരണം ഇതുവഴിയുള്ള യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന യാതനകൾ ചില്ലറയല്ല. ദിനം പ്രതി നൂറുക്കണക്കിന് യാത്രക്കാരാണ് ഇതു വഴി കടന്നുപോകുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷം
കൊവിഡിന് മുൻപ് വരെ മൂന്നും നാലും ട്രെയിനുകൾക്ക് വരെ ഇവിടെ ഗേറ്റ് അടച്ചിടാറുണ്ട്. പലപ്പോഴും മുക്കാൽ മണിക്കൂറോളം ഇവിടെ കിടക്കേണ്ട അവസ്ഥ. ലോക്ക് ഡൗൺ കാലത്ത് ട്രെയിനുകൾ നിലച്ചതിനാൽ ഗേറ്റടപ്പ് കുറവായിരുന്നു. ഇപ്പോൾ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഗേറ്റടപ്പ് പഴയതുപോലെ യാത്രക്കാർക്ക് തലവേദനയായി മാറിയിട്ടുണ്ട്.
"പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങൾ സാദ്ധ്യമാക്കാനുളള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും."
സി. സുര, വാർഡ് മെമ്പർ