arattupuzha

കാലത്തിനു മുൻപേ നടന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ, 19-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ജാതിജന്യമായ അനീതികൾക്കും അനാചാരങ്ങൾക്കുമെതിരേ ഒറ്റയാൾ പോരാട്ടം നയിച്ച് രക്തസാക്ഷിയായ ധീരവിപ്ളവകാരിയാണ്. ഗുരുദേവൻ അവതരിക്കുന്നതിന് 30 വർഷം മുൻപ് 1825ലാണ് വേലായുധപ്പണിക്കരുടെ ജനനം.

ധാരാളം സ്വത്തുക്കളും കളരി പാരമ്പര്യവുമുണ്ടായിരുന്ന കല്ലിശ്ശേരി തറവാട്ടിലെ ഏക അവകാശിയായിരുന്നു വേലായുധൻ. അപ്പൂപ്പന്റെ മരണത്തോടെ തറവാട്ടുഭരണം ഏറ്റെടുത്തു. ഇരുപതാമത്തെ വയസി​ൽ, പുതുപ്പള്ളി​ വാരണപ്പള്ളി​ തറവാട്ടി​ലെ വെളുമ്പി​ പണി​ക്കത്തി​യെ വി​വാഹം കഴി​ച്ചു. ആ ദമ്പതി​കൾക്ക് ഏഴ് ആൺ​മക്കൾ ജനി​ച്ചു.

അവർണർക്ക് ക്ഷേത്രപരി​സരങ്ങളി​ൽ കൂടി​ വഴി​നടക്കാൻ പോലും അനുവാദമില്ലാതിരുന്ന അക്കാലത്ത് 1852ൽ ആറാട്ടുപുഴ മംഗലത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ച് പൊതുജനങ്ങൾക്കു വിട്ടുകൊടുത്തു കൊണ്ടാണ് തന്റെ സാമൂഹ്യവിപ്ളവത്തിന് തുടക്കം കുറിച്ചത്.

സ്‌ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്ന അക്കാലത്ത് 1858ൽ, കായംകുളം കമ്പോളത്തിൽ ഒരു തുണ്ടുതുണി കൊണ്ട് മാറുമറച്ചെത്തിയ അവർണ സ്ത്രീയുടെ തന്റേടത്തിൽ അരിശം കൊണ്ട സവർണർ, ആ യുവതിയുടെ മാറിലെ തുണി കീറിയെറിഞ്ഞു. അവളുടെ മാറിൽ വെള്ളയ്ക്കാ മോട് പിടിപ്പിച്ച് കമ്പോളത്തിലൂടെ നടത്തിച്ചു. ഇതറിഞ്ഞ്, തന്റെ അനുചരരുമായി കമ്പോളത്തിൽ പാഞ്ഞെത്തിയ വേലായുധപ്പണിക്കർ ജാതിക്കോമരങ്ങളെ അടിച്ചുവീഴ്‌ത്തി. കൂടാതെ അന്നു കമ്പോളത്തിലുണ്ടായിരുന്ന എല്ലാ സ്‌ത്രീകൾക്കും മേൽമുണ്ടു വാങ്ങി വിതരണം ചെയ്ത് മാറുമറയ്ക്കാൻ ആജ്ഞാപിച്ചു. ഇതിനുശേഷം, ആ പ്രദേശത്ത് അവർണ സ്ത്രീകൾ മാറുമറച്ചാൽ ആരും തടയാൻ മുതിർന്നിട്ടില്ല.

പന്തളത്ത്, സ്വർണമൂക്കുത്തി ധരിച്ചു നടന്ന അവർണ സ്ത്രീയുടെ മൂക്കുത്തി സവർണർ പറിച്ചെടുത്തു നിലത്തിട്ടു ചവിട്ടി അരച്ചു. ഇതറിഞ്ഞു പന്തളത്തെത്തിയ വേലായുധപ്പണിക്കർ അക്രമികളെ അടിച്ചുവീഴ്‌ത്തി, ഒരു കിഴി നിറയെ മൂക്കുത്തി പണിയിച്ച്, സ്ത്രീകൾക്കിടയിൽ വിതരണം ചെയ്തു ധരിക്കാൻ ആജ്ഞാപിച്ചു. മൂക്കുത്തി ധരിച്ചു നടന്നവരെ അപമാനിക്കാൻ ആരും പിന്നീട് ധൈര്യപ്പെട്ടില്ല.

മുറജപത്തിനായി, തിരുവനന്തപുരത്തേക്ക് വഞ്ചിയിൽപ്പോയ തന്ത്രിമുഖ്യനായിരുന്ന തരണനല്ലൂർ നമ്പൂതിരിപ്പാടിന്റെ പൂജാവിഗ്രഹമായ സാളഗ്രാമം കായംകുളം കായലിൽ വച്ച് അക്രമികൾ തട്ടിയെടുത്തു. ഉദ്യോഗസ്ഥർ കഠിനപ്രയത്നം ചെയ്തെങ്കിലും, അതു വീണ്ടെടുക്കാനായില്ല. ഒടുവിൽ ആയില്യം തിരുനാൾ മഹാരാജാവ് ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിച്ചു. ഒരാഴ്ചക്കുള്ളിൽ അക്രമികളെ പിടിച്ചുകെട്ടി സാളഗ്രാമവുമായി പണിക്കർ രാജസന്നിധിയിലെത്തി. പണിക്കരെ മഹാരാജാവ് വീരശൃംഖല അണിയിച്ചാദരിച്ചു. അപ്പോഴേക്കും പണിക്കരുടെ വളർച്ചയിൽ അസൂയപൂണ്ട ചിലർ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഒരു കേസിന്റെ ആവശ്യത്തിന് രാവിലെ കൊല്ലത്ത് എത്തുന്നതിനായി തണ്ടുവലിക്കുന്ന ബോട്ടിൽ രാത്രിയിൽത്തന്നെ യാത്ര തിരിച്ചതായിരുന്നു പണിക്കർ. ബോട്ട് കായംകുളം കായലിലെത്തി. സമയം അർദ്ധരാത്രി കഴിഞ്ഞു. വേലായുധപ്പണിക്കർ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാർ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ളത്തിലെത്തിയവർ, പണിക്കരെ ഒരു അത്യാവശ്യ കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞ് ബോട്ടിൽ കയറി. അതിൽ, മുൻകാര്യസ്ഥനും കുലദ്രോഹിയുമായ തൊപ്പിയിട്ട കിട്ടൻ, പെട്ടെന്ന് പണിക്കർ ഉറങ്ങുന്ന സ്ഥാനത്തെത്തി, ഒളിപ്പിച്ചുവച്ചിരുന്ന കഠാര ഉറങ്ങുന്ന ആ സിംഹത്തിന്റെ വിശാലമായ മാറിൽ നിഷ്ക്കരുണം കുത്തിയിറക്കി. അപ്പോഴുണ്ടായ ബഹളത്തിനിടയിൽ, കൊലയാളികൾ അവർ വന്ന വള്ളത്തിൽ കയറി രക്ഷപ്പെട്ടു. അങ്ങനെ 1874 ജനുവരി മാസം 8-ാം തീയതി അർദ്ധരാത്രി തന്റെ 49-ാം വയസിൽ ആ ധീരനായകൻ അന്ത്യശ്വാസം വലിച്ചു.

കേരള ചരിത്രകാരന്മാർ അവഗണിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഇന്നും തിരുവിതാംകൂറിലെ ജനങ്ങളുടെ ധീരപുരുഷനാണ്. അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിനായി ഒരു പ്രതിമ, നാട്ടുകാർ കഴിഞ്ഞ വർഷം ആറാട്ടുപുഴ മംഗലത്ത് സ്ഥാപിക്കുകയുണ്ടായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നവോത്ഥാന നായകനായി അംഗീകരിച്ചു, 2019 - 20ന്റെ ബഡ്‌ജറ്റിൽ സ്മരണ നിലനിറുത്തുന്നതിന് ഒരുകോടി രൂപ അനുവദിച്ചെങ്കിലും ആ തുക ഉപയോഗിച്ച് ഒരു സ്മാരകം ഉയർന്നില്ല. അദ്ദേഹം താമസിച്ചിരുന്ന കല്ലിശ്ശേരി തറവാട് (നാലുകെട്ട്) നാശത്തിന്റെ വക്കിലാണ്. അതിനോടൊപ്പമുള്ള രണ്ടേക്കർ സ്ഥലവും അനാഥമായിക്കിടക്കുന്നു. ഈ സ്ഥലം ഏറ്റെടുത്ത് ഉചിതമായ സ്മാരകം സ്ഥാപിക്കുന്നതിന് കേരള ഗവൺമെന്റ് ഇക്കൊല്ലത്തെ ബഡ്ജറ്റിൽ വേണ്ട ഫണ്ട് അനുവദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

(ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ,ചെയർമാനാണ് ലേഖകൻ)