melvin-jones

'മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതുവരെ നിങ്ങളുടെ ജീവിതത്തിൽ വലിയ വിജയം ഉറപ്പാക്കാൻ നിങ്ങൾക്ക് സാധിക്കില്ല." മെൽവിൻ ജോൺസിന്റെ വാക്കുകൾ.

കഴിഞ്ഞ 103 വർഷങ്ങളായി നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ പ്രത്യാശയായി പ്രവർത്തിക്കുന്ന ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ അംഗസംഖ്യ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയാണ്. 200 രാജ്യങ്ങളിലെ 48,996 ക്ളബുകളിലായി 14 ലക്ഷം അംഗങ്ങൾ. ഇൗ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മെൽവിൻ ജോൺസിന്റെ141-ാമത് ജന്മദിനമായ ഇന്ന് ലോകമെമ്പാടും 'മെൽവിൻ ജോൺസ് ദിന"മായി ആചരിക്കുന്നു.

'ഞങ്ങൾ സേവനം ചെയ്യുന്നു" എന്നതാണ് ഇൗ പ്രസ്ഥാനത്തിന്റെ ആപ്തവാക്യമായി മെൽവിൻ ജോൺസ് സ്വീകരിച്ചത്. മാനവരാശിയുടെ ദുഃഖങ്ങൾക്ക് സേവനപ്രവർത്തനങ്ങളിലൂടെ അറുതി വരുത്താനുള്ള കടമ ഇൗ ആപ്തവാക്യം ഒാരോ അംഗത്തെയും ഒാർമ്മിപ്പിക്കുന്നു.

ഒാരോ ലയൺസ് ക്ളബും അതത് പ്രദേശത്തെ പ്രശ്നങ്ങളും ആവശ്യങ്ങളും പൊതുജനങ്ങളും സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്ത് പരിപാടികളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. ഇതിന് ആവശ്യമായ ധനം അംഗങ്ങളിൽ നിന്ന് സ്വരൂപിക്കുന്നു. എന്നാൽ ക്ളബുകൾക്കോ, ക്ളബുകൾ ചേർന്നുണ്ടാകുന്ന ഡിസ്ട്രിക്ടുകൾക്കോ പോലും ധനം സ്വരൂപിക്കാൻ സാദ്ധ്യമാകാത്ത വലിയ പ്രോജക്ടുകൾ നടപ്പിലാക്കാൻ ധനസഹായം നൽകുന്നതിനായി ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ (എൽ.സി.ഐ.എഫ്) എന്ന സാമ്പത്തിക സഹായ സ്ഥാപനം ഇൗ പ്രസ്ഥാനത്തിനുണ്ട്. 1968-ൽ പ്രവർത്തനം ആരംഭിച്ച എൽ.സി.ഐ.എഫ് ഇതിനകം 8000 കോടി രൂപ വിവിധ പ്രോജക്ടുകൾക്കും പ്രോഗ്രാമുകൾക്കും ധനസഹായമായി നൽകിയിട്ടുണ്ട്.

കേരളത്തിൽ പ്രകൃതിക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടാകുമ്പോഴൊക്കെ എൽ.സി.ഐ.എഫ് സഹായഹസ്തവുമായി എത്താറുണ്ട്. കൊറോണ രോഗവ്യാപനം തടയിടാൻ ലോകമെമ്പാടും സേവന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലും അത്തരം പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലയൺസ് ഭവനിലെ വയോജനങ്ങൾക്ക് വേണ്ട ചികിത്സാകേന്ദ്രം, മറവിരോഗികളെ പാർപ്പിക്കുന്ന കേന്ദ്രം, പഠനവൈകല്യമുള്ള കുട്ടികളുടെ രോഗനിർണയത്തിനായുള്ള ഐക്കോൺസ് ഒാഡിയോളജി ആൻഡ് സ്പീച്ച് പാത്തോളജി ലബോറട്ടറി, മൈക്രോ എന്റർപ്രൈസ് ഡെവല പ് മെന്റ് പ്രോഗ്രാം, പിരപ്പൻകോട് സെന്റ് ജോൺസ് ഹോസ്‌പിറ്റൽ, അഞ്ചൽ സെന്റ് ജോസഫ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലയൺസ് ഡയാലിസിസ് സെന്ററുകൾ, തിരുവനന്തപുരത്ത് ശ്രീരാമകൃഷ്ണ ആശ്രമം ചാരിറ്റബിൾ ഹോസ്‌പിറ്റലിൽ പ്രവർത്തിക്കുന്ന ലയൺസ് ബ്ളഡ് ബാങ്കും മൊബൈൽ ബ്ളഡ് കളക്ഷൻ വാഹനവും കൊല്ലത്തെ ലയൺസ് ബിസിനസ് സ്കൂൾ എന്നിവ എൽ.സി.ഐ.എഫ് ധനസഹായത്തോടെ സ്ഥാപിതമായ പ്രോജക്ടുകളാണ്.

കാഴ്ചശക്തി, വിശപ്പ്, പരിസ്ഥിതി, കുട്ടികളിലെ കാൻസർ, പ്രമേഹം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് വരും നൂറ്റാണ്ടിൽ പ്രാധാന്യം നൽകുന്നത്. ഒരുവർഷം 20 കോടി ജനങ്ങൾക്ക് സേവന പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ അരിസോണയിൽ മെൽവിൻ ജോൺസ് ജനിച്ച ഫോട്ട് തോമസിൽ പണിതുയർത്തിയിട്ടുള്ള സ്‌തൂപത്തിന് മുമ്പിൽ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവരെല്ലാം 'ഞങ്ങൾ സേവനം തുടരും" എന്ന പ്രതിജ്ഞ പുതുക്കും.

(ലേഖകന്റെ ഫോൺ: 9447148582)