water

ഹിതമായത് അഥവാ പഥ്യമായത് ആരോഗ്യത്തെ ഉണ്ടാക്കുമ്പോൾ അഹിതമായത് അഥവാ അപഥ്യമായത് രോഗത്തേയുമുണ്ടാക്കും. അതിനാൽ പഥ്യമായ ആഹാരവും രീതികളും ശീലിക്കുകയും അപഥ്യമായ ആഹാരവും രീതികളും ഒഴിവാക്കുകയും കൂടി ചെയ്തുവേണം രോഗശമനമുണ്ടാക്കാൻ. അതിനെ മാത്രമാണ് യഥാർത്ഥ ചികിത്സ എന്ന് പറയാനും കഴിയൂ. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം.

വണ്ണം കുറഞ്ഞവർ മാംസം കറിവച്ചത് ഉപയോഗിക്കണം. അമിത വ്യായാമം പാടില്ല. വണ്ണമുള്ളവർ ദഹന പചനശേഷി മെച്ചപ്പെടുത്തണം. തണുത്തതും മധുരവും കിഴങ്ങുവർഗങ്ങളും ഒഴിവാക്കണം. കാൽസ്യം കുറഞ്ഞവർ വെയിൽ കൊള്ളണം. മധുരം കുറയ്ക്കണം. തൈറോയ്ഡ് രോഗമുള്ളവർ കടൽ വിഭവങ്ങൾ കഴിക്കണം.
മരുന്നു കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ആഹാരം കഴിക്കുന്നത് ഒഴിവാക്കണം.

പനിയുള്ളപ്പോൾ വിശ്രമിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. ഹൃദ്രോഗമുള്ളവർ പടവലങ്ങ, കറുത്ത മുന്തിരി എന്നിവ ഉപയോഗിക്കണം. അധികമായ വ്യായാമവും വിഷമവും ഒഴിവാക്കണം.

ശരീരദുർഗന്ധമുള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കണം. മത്സ്യമാംസാദികൾ കുറയ്ക്കണം. മൂക്കടപ്പുള്ളവർ മഞ്ഞൾ വിവിധ രീതിയിൽ ഉപയോഗിക്കണം.തൈര് ഒഴിവാക്കണം. വിളർച്ച രോഗമുള്ളവർ ശരിയായ ഭക്ഷണം കഴിക്കണം.

ശരീരവേദന കുറയ്ക്കുന്നതിന് രാത്രി കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം. തണുപ്പും അമിതാദ്ധ്വാനവും ഒഴിവാക്കണം. കണ്ണിന് വേദനയുള്ളവർ കാഴ്ച പരിശോധിക്കണം. ആയുർവേദ തുള്ളിമരുന്നുകൾ ഉപയോഗിക്കണം. മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കണം.

തൊലിപ്പുറത്ത് ചൊറിച്ചിലുള്ളവർ ഉപ്പ് ചേർത്ത വെള്ളമുപയോഗിച്ച് കഴുകുന്നത് നല്ലതാണ്. ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

ഡ്രൈ സ്കിൻ ഉള്ളവർ വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കണം. താരണമുള്ളവർ തലയിൽ എണ്ണ പുരട്ടണം. തലയിൽ സോപ്പ് തേയ്ക്കാൻ പാടില്ല. ചുമയും ശ്വാസതടസ്സവുമുള്ളവർ ആടലോടകത്തിന്റെ നീരെടുത്ത് തേൻ ചേർത്ത് കഴിക്കണം. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കണം.