കിളിമാനൂർ: സംസ്ഥാനപാതയിലെ കിളിമാനൂരിന് സമീപത്തെ പൊരുന്തമണിൽ പെട്രോൾ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 4.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട പെട്രോൾ ടാങ്കർ മുന്നിൽ പോകുകയായിരുന്നു ലോറിക്ക് പിറകിൽ ഇടിച്ചുകയറുകയായിരുന്നു.
ലോറി മറിയാത്തതും ടാങ്കറിന് ചോർച്ചയുണ്ടാകാത്തതും കാരണം വൻ ദുരന്തം ഒഴിവായി.
കൊച്ചിയിലെ പ്ലാന്റിൽ നിന്ന് ഇന്ധനവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ടാങ്കറിന്റെ ക്യാബിൻ പൂർണമായും തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം റോഡിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫീസർമാരായ നസീർ, രാജേന്ദ്രൻനായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കില്ല.