niyamasabha

തിരുവനന്തപുരം:സ്പീക്കർക്കെതിരായ പ്രമേയം തൊട്ട് തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും സി.എ.ജി റിപ്പോർട്ടും വരെ... മാരകമായ അമിട്ടുകളുമായാണ് പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിലേക്ക് ഭരണ, പ്രതിപക്ഷങ്ങൾ നാളെ കടക്കുന്നത്. തൊട്ടുമുന്നിൽ നിൽക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ആക്രമണ - പ്രത്യാക്രമണങ്ങൾ തന്നെയാവും ഈ മാസം 28 വരെയുള്ള സമ്മേളനത്തിൽ പൊടിപാറിക്കുക. 28വരെ നീളുമോ, അതിന് മുമ്പ് അവസാനിപ്പിക്കുമോ എന്നെല്ലാം വഴിയേ അറിയാം.

നാളെ രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കം. നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചർച്ചയും പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റും അതിന്റെ പൊതുചർച്ചയുമാണ് അജൻഡ. എന്നാൽ അജൻഡയ്‌ക്കപ്പുറത്ത് എരിവ് പകരാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷ നോട്ടീസും കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടും അത് ചോർത്തിയതിന് ധനമന്ത്രിക്കെതിരായ ആരോപണങ്ങളുമൊക്കെയുണ്ട്. ഇതിനെല്ലാം എതിരെ,​ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് ഭരണപക്ഷത്തിന്റെ ഏറ്റവും മാരകമായ അമിട്ട്.അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ചാണ് സ്പീക്കറെ നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയം ലീഗ് അംഗം എം. ഉമ്മർ നൽകിയിരിക്കുന്നത്. 14 ദിവസത്തെ മുൻകൂർ നോട്ടീസ് നിബന്ധന പാലിക്കുന്നതിനാലും 20 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതിനാലും നോട്ടീസ് പരിഗണിക്കേണ്ടിവരും. ഇതിന്റെ ചർച്ചാവേളയിൽ സ്പീക്കർക്ക് പകരം ഡെപ്യൂട്ടി സ്പീക്കറാണ് ഡയസിൽ ഇരിക്കേണ്ടത്.

അഴിമതിയാരോപണങ്ങളുടെ പേരിൽ സ്പീക്കർക്കെതിരെ പ്രതിപക്ഷപ്രമേയം വരുന്നത് ആദ്യമായതിനാൽ ചർച്ച സംഭവബഹുലമാകും. സ്പീക്കർമാരായിരുന്ന വക്കം പുരുഷോത്തമൻ,​ എ.സി. ജോസ് എന്നിവർക്കെതിരായ പ്രമേയങ്ങൾ സഭ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയ ആരോപണങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലിലാക്കിയ സ്വർണക്കടത്ത് തൊട്ടിങ്ങോട്ടുള്ളതെല്ലാം പ്രതിപക്ഷം കൊഴുപ്പിക്കും.കിഫ്ബിയെ വിമർശിച്ച സി.എ.ജി റിപ്പോർട്ട് ഉണ്ടാക്കുന്ന കോലാഹലങ്ങളും ചെറുതാവില്ല. ധനമന്ത്രിക്കെതിരായ അവകാശലംഘന ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടും ഈ സമ്മേളനത്തിൽ എത്തിയേക്കും.

പ്രതിപക്ഷ ആരോപണങ്ങൾ ജനം തള്ളിയതിന് തെളിവായി തദ്ദേശഫലം ആയുധമാക്കുന്ന ഭരണപക്ഷത്തിന്, സർക്കാരിന്റെ ജനക്ഷേമ, വികസന പദ്ധതികളും മുതൽക്കൂട്ടായുണ്ട്.