പോത്തൻകോട് :അയിരൂപ്പാറയിൽ കടത്തിണ്ണയിൽ രാത്രി കിടന്നുറങ്ങിയ മദ്ധ്യവയസ്കൻ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ പോത്തൻകോട് അയിരൂപ്പാറ അറപ്പുര വീട്ടിൽ അനിൽ (51), കുമാർ (59) എന്നിവരെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുത്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. എങ്ങനെയാണ് കൃത്യം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വിവരിച്ചു. പ്രതികളിലൊരാളായ അനിലിന്റെ വീട്ടിൽ നിന്ന് കൊലയ്ക്കുപയോഗിച്ച മഴുവും വെട്ടുകത്തിയും കണ്ടെടുത്തു.
തിങ്കളാഴ്‌ച രാത്രിയിലാണ് അയിരൂപ്പാറ തേരുവിള അറപ്പുരവീട്ടിൽ രാധാകൃഷ്ണൻ (57) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളും അയൽവാസികളുമായ കുമാറും അനിലും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാധാകൃഷ്ണൻ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്നാണ് പോത്തൻകോട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
കൃത്യം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ച സി.സി.ടിവി കാമറ ദൃശ്യങ്ങളും സംഭവസമയത്ത് അതുവഴി എത്തിയ ബൈക്ക് യാത്രക്കാരുടെ മൊഴികളും പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. പോത്തൻകോട് പൊലീസ് ഇൻസ‌്പെക്ടർ ഡി.ഗോപി, എസ്.ഐ അജീഷ്, എ.എസ്.ഐ രവീന്ദ്രൻ, ഗ്രേഡ് എസ്.ഐമാരായ ഷാബു, സുനിൽകുമാർ, ഗോപകുമാർ, എ.എസ്.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.