മാള: വികസനത്തിന് തടസമായി നടുറോഡിൽ നിൽക്കുന്ന കുരിശ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നു. അഷ്ടമിച്ചിറ-അന്നമനട റോഡിൽ അമ്പഴക്കാട് ഫൊറോന പള്ളിയുടെ മുന്നിൽ പൊതുമരാമത്ത് റോഡിലാണ് കുരിശുള്ളത്. കുരിശ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഒരു വിഭാഗം വിശ്വാസികൾ കഴിഞ്ഞ വർഷം അനുകൂല തീരുമാനം എടുത്ത് പാരിഷ് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇപ്പോൾ ആ നടപടിക്ക് ആരും അനുകൂലമല്ലാത്ത അവസ്ഥയിലാണ്. അതിനിടയിലാണ് കുരിശ് നീക്കാനുള്ള ശ്രമത്തിന് തടയിടുന്ന രീതിയിൽ പുരാവസ്തു വകുപ്പുമായി ചർച്ചകൾ നടക്കുന്നതെന്നും സൂചനയുണ്ട്. നൂറ് വർഷത്തിലധികം പഴക്കമുണ്ടെന്ന നിലയിലാണ് ഈ കുരിശ് സംരക്ഷിക്കണമെന്ന നിലപാടിന് അനുകൂലമായി പുരാവസ്തു വകുപ്പ് ആലോചനകൾ നടത്തുന്നത്. ഇതിനായി പ്രാഥമിക ചർച്ചകൾ നടന്നതായും സൂചനകളുണ്ട്. പുരാവസ്തു വകുപ്പ് ഏറ്റെടുത്താൽ വഴിയിലെ ഈ കുരിശ് സംരക്ഷിക്കേണ്ടിവരും. പൊതുസ്ഥലമായാലും നിയമപ്രകാരം പുരാവസ്തുവെന്ന നിലയിൽ കുരിശിനെ സംരക്ഷിക്കാൻ വകുപ്പിന് ബാദ്ധ്യതയുണ്ടെന്ന നിലയിലാണ്. അതേസമയം കഴിഞ്ഞ വർഷം അനുവാദം ലഭിച്ചിട്ടും കുരിശ് നീക്കം ചെയ്യാതെ അലംഭാവം കാണിച്ച പൊതുമരാമത്ത് വകുപ്പിനെതിരെ നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാൽ കുരിശ് പൊളിച്ചുനീക്കാൻ അനുവാദം നൽകിയിട്ടില്ലെന്നും അത്തരത്തിൽ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും പള്ളിയിലെ ചില ഭാരവാഹികൾ വാദിക്കുന്നു. ഇല്ലാത്ത തീരുമാനം ഉണ്ടെന്ന് വരുത്തി ചരിത്ര സ്മാരകമായ കുരിശ് നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് ചില വിശ്വാസികൾക്കുള്ളത്. ഈ നിലപാടിന്റെ ഭാഗമായാണ് പുരാവസ്തു വകുപ്പുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുള്ളതെന്നും സൂചനയുണ്ട്. എന്തായാലും തർക്കങ്ങളും വാദങ്ങളും ഏറ്റെടുക്കൽ നടപടികളും അണിയറയിൽ തകൃതിയായി നടക്കുമ്പോൾ റോഡ് വികസനം കുരിശിൽ തട്ടി തകർന്നിരിക്കുകയാണ്. കേന്ദ്ര പദ്ധതിയിൽ ദേശീയപാത അധികൃതരുടെ ചുമതലയിലാണ് പത്ത് കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി.നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കുന്നത്. അവതാളത്തിലായ റോഡ് വികസനം ഇനി അടുത്തെങ്ങും പൂർത്തീകരിക്കാൻ കഴിയില്ലെന്ന നിലയിലാണ്.