ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കും സർക്കാരിനു കീഴിൽ തുടങ്ങുന്ന കെ.സ്വിഫ്ട് ട്രാൻസ്‌പോർട്ട് കമ്പനിക്കുമായി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ തീരുമാനം. ബസ് മാത്രം വാടകയ്ക്കെടുക്കുന്ന 'ഡ്രൈ ലീസ്' വ്യവസ്ഥയിൽ 500 ബസുകൾ വരെ ലഭ്യമാക്കാനാണ് ശ്രമം. പദ്ധതിക്ക് കേന്ദ്ര സഹായം കൂടി ഉറപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി സി എം.ഡി ബിജു പ്രഭാകർ കേന്ദ്ര നഗരകാര്യ വകുപ്പ് സെക്രട്ടറി ദുർഗാ പ്രസാദ് മിശ്രയുമായി ഡൽഹിയിൽ ചർച്ച നടത്തി.

ഏഴു വർഷത്തേക്കാണ് കരാർ. സി.എൻ.ജി, എൽ.എൻ.ജി, ഡീസൽ ബസുകളാണ് വാ‌ടകയ്ക്കെടുക്കുക.

ബസിന്റെ ഉടമ തന്നെ അറ്റകുറ്റപ്പണികളുടെ ചെലവ് വഹിക്കണം. ബസ് കേടായാൽ ഉടമ തന്നെ പകരം ബസ് നൽകണമെന്ന വ്യവസ്ഥയുമുണ്ടാകും. വാഹനത്തിന്റെ സൗകര്യമനുസരിച്ച് കിലോമീറ്ററിന് 20 മുതൽ 40 രൂപ വരെ വാടക നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

പുതുതായി ബസ് വാങ്ങുന്ന സംരംഭകന് മാസത്തവണ അടച്ചുപോകുന്ന തരത്തിലായിരിക്കും വാടക നിശ്ചയിക്കുക.

നേരത്തെ കെ.എസ്.ആർ.ടി.സി 10 സ്കാനിയ ബസുകൾ മണിക്കൂറിന് 43 രൂപ നിരക്കിൽ വാടയ്ക്കെടുത്തിരുന്നു. ബസിനൊപ്പം ഡ്രൈവറെയും ഉടമ നൽകുന്ന 'വെറ്റ് ലീസ്' പ്രകാരമായിരുന്നു അത്. നഷ്ടമാണെന്നു കണ്ടതിനാൽ അതിൽ എട്ടു ബസുകളും ഒഴിവാക്കി. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ വാടക വണ്ടികളൊന്നും സർവീസ് നടത്തുന്നില്ല.

നേട്ടം

പുത്തൻ ബസ് കിട്ടും. ജീവനക്കാരെ നിയോഗിക്കാൻ കഴിയുന്നതുകൊണ്ട് തൊഴിലാളികൾക്ക് ദോഷമില്ല

കേന്ദ്രത്തോട് 500 കോടി

കെ.എസ്.ആർ.ടി.സി ബസുകളിൽ 3500 എണ്ണം സി.എൻ.ജിയിലേക്കു മാറ്റാൻ ഗതാഗതവകുപ്പ് തയ്യാറാക്കിയ പദ്ധതി മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്നലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൈമാറി. ഇതിനും കോർപ്പറേഷന്റെ നവീകരണത്തിനുമായി 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രോജക്ട് റിപ്പോർട്ടും കൈമാറി. സി.എൻ.ജിയും എൽ.എൻ.ജിയും എത്തിക്കാൻ സൗകര്യമൊരുക്കുന്ന കാര്യം പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഗഡ്കരി ഉറപ്പുനൽകി.

കൊച്ചിയിലെ ഗെയിൽ പദ്ധതി വഴി ബസുകളിൽ എൽ.എൻ.ജി ഉറപ്പാക്കാനുള്ള നീക്കവും ആരംഭിച്ചു. ട്രാൻസ്പോർട്ട് ബസുകൾക്ക് ടോൾ ബൂത്തുകളിൽ നൽകേണ്ട തുകയിൽ കുറവു വരുത്തണമെന്ന ആവശ്യവും എ.കെ. ശശീന്ദ്രൻ കേന്ദ്രമന്ത്രിയെ അറിയിച്ചു.