തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി, താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കർമ്മപദ്ധതികളുമായി കോൺഗ്രസ്. ഹൈക്കമാൻഡ് പ്രതിനിധികളുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി, ഇന്നലെ തലസ്ഥാന ജില്ലയിൽ തെക്കൻ മേഖലാ ചുമതലക്കാരനായ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ സാന്നിദ്ധ്യത്തിൽ ഡി.സി.സിതല യോഗം ചേർന്നു.
ബൂത്ത്, മണ്ഡലം കമ്മിറ്റികൾ അടിയന്തരമായി സജീവമാക്കാനുള്ള കർമ്മപരിപാടികൾക്ക് യോഗം രൂപം നൽകി. ജില്ലയിലെ 2715 കോൺഗ്രസ് ബൂത്ത് കമ്മിറ്റികളും 26ന് അതതിടങ്ങളിലെ മുൻനിര നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പുന:സംഘടിപ്പിക്കും. ഓരോ ബൂത്തിന്റെയും ചുമതല മുതിർന്ന നേതാവിനായിരിക്കും. പ്രവർത്തന മികവാണ് ബൂത്ത് ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മുഖ്യ മാനദണ്ഡം.
ബൂത്ത് ചുമതലക്കാരനായ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ 27 മുതൽ 31 വരെ ബൂത്ത് പരിധിയിൽ ഭവന സന്ദർശനം നടത്തി രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കും. സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നതെന്നതടക്കമുള്ള ആരോപണങ്ങൾ ഉദാഹരണസഹിതം വിശദീകരിക്കാനാണ് തീരുമാനം. രക്തസാക്ഷി ദിനമായ 30ന് വർഗീയതയ്ക്കെതിരെ മണ്ഡലാടിസ്ഥാനത്തിൽ ഗാന്ധി സ്മൃതിയാത്ര സംഘടിപ്പിക്കും.
ത്രിതല പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ കൈക്കൊള്ളേണ്ട സമീപനം സംബന്ധിച്ച് പാർട്ടിയംഗങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ അതതിടങ്ങളിലെ നേതൃത്വം നൽകണം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന് എ.ഐ.സി.സി സെക്രട്ടറി നിർദ്ദേശിച്ചു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ശിവദാസൻ നായരും പങ്കെടുത്തു.
കോൺഗ്രസ് തിരഞ്ഞെടുപ്പ് .പ്രചാരണം : കേരളത്തിൽ ഗെഹ്ലോട്ട് ഉൾപ്പെടെ 3 നിരീക്ഷകർ
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാൻ മൂന്ന് സീനിയർ നേതാക്കളെ നിരീക്ഷകരായികോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഗോവ മുൻ മുഖ്യമന്ത്രി ലുസീഞ്ഞോ ഫലെയ്റോ, കർണാടക മുൻ ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര എന്നിവരാണ് നിരീക്ഷകർ.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലേക്ക് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, മുകുൾ വാസ്നിക്, ഷക്കീൽ അഹമ്മദ് ഖാൻ,തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി വീരപ്പ മൊയ്ലി, പള്ളം രാജു, നിതിൻ റാവത്ത്,പശ്ചിമബംഗാളിലേക്ക് ബി.കെ ഹരിപ്രസാദ്, എ.ആലം, വിജയ് ഇന്ദർ സിംഗ്ള എന്നിവരെയും നിരീക്ഷകരായി നിയോഗിച്ചു.