dyfi

തിരുവനന്തപുരം: 51,74,000 പേർ ഡി.വൈ.എഫ്.ഐയിൽ അംഗത്വമെടുത്തതായും മതനിരപേക്ഷതയുള്ള ഭാഗത്ത് യുവതീയുവാക്കൾ അണിനിരക്കുന്നതിനാലാണ് മെമ്പർഷിപ്പ് വർദ്ധിച്ചതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിത്തിടാം വിജയിക്കാം എന്നപേരിൽ സംസ്ഥാനത്തെ അരക്കോടി വീടുകളിൽ പച്ചക്കറി വിത്ത് ഡി.വൈ.എഫ്.ഐ നൽകും.16,17 തീയതികളിലാണ് വിത്ത് വിതരണം.

വിത്ത് നൽകിക്കഴിഞ്ഞാൽ വീട്ടുകാരെ കൂട്ടി കർഷകസമരത്തിന് ഐക്യദാർഢ്യവുമായി പ്രകടനവും നടത്തും.

ഗാന്ധിയെ മറക്കരുത്, ഇന്ത്യ തോൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി 'ഒന്നിച്ചിരിക്കാം' എന്ന പരിപാടി ഗാന്ധിജയന്തി ദിനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. പരീക്ഷാക്കാലത്തെ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ പ്രവണത മുന്നിൽക്കണ്ട് 'പേടിക്കാതെ വിജയിക്കാം' എന്ന മുദ്രാവാക്യമുയർത്തി കാൾ സെന്റർ ആരംഭിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം,സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, ട്രഷറർ എസ്.കെ. സജീഷ്,വൈസ് പ്രസിഡന്റ് കെ.പി.പ്രമോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.