neyyattinkara-sucide

തിരുവനന്തപുരം: കുടിയൊഴിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ തീകത്തി മരിച്ച രാജനും ഭാര്യയും മക്കളുമായി താമസിച്ചിരുന്ന ഭൂമി അയൽവാസി വസന്ത പണം കൊടുത്ത് വാങ്ങിയതാണെന്ന് നെയ്യാറ്രിൻകര തഹസിൽദാരുടെ (എൽ.എ) റിപ്പോർട്ട്. ഇത് ലക്ഷംവീട് പദ്ധതി പ്രകാരം ലഭിച്ച പട്ടയമല്ലെന്നും നെയ്യാറ്രിൻകര താലൂക്ക് ഓഫീസിൽ നിന്ന് ഭൂപതിവ് ചട്ടങ്ങൾ പ്രകാരം നൽകിയതാണെന്നും ക്രയവിക്രയം ചെയ്യാനുള്ള പരിധിയായ 10 വർഷം കഴിഞ്ഞു മാത്രമാണ് പട്ടയം ലഭിച്ചവരിൽ നിന്ന് വസന്ത വാങ്ങിയതെന്നും ഇന്നലെ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അവിടെ ലക്ഷം വീട് കോളനിയുണ്ട്. വീടുകളുണ്ടാക്കാൻ അവിടെ സർക്കാർ ഭൂമി അനുവദിച്ചെങ്കിലും ബാക്കിയുള്ള സ്ഥലത്തിന് ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുകയും ചെയ്തിരുന്നു. ഇങ്ങനെ പട്ടയം ലഭിച്ചവരിൽ നിന്നാണ് നിശ്ചിത കാലാവധിക്കുശേഷം പണം കൊടുത്ത് വസന്ത വാങ്ങിയത്. മരിച്ച രാജൻ ഈ ഭൂമി കൈയേറിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിക്കടുത്താണ് ദമ്പതികൾ വെന്തുമരിക്കാനിടയായ തർക്കം നടന്നത്. ലക്ഷം വീട് കോളനി എന്നാണ് തർക്കം നടന്ന സ്ഥലവും അറിയപ്പെടുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വസന്ത പട്ടയഭൂമി വാങ്ങിയതിന്റെ സാധുത ലാൻഡ് റവന്യൂ കമ്മിഷണർ പരിശോധിക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സുഗന്ധി എന്നയാളിൽ നിന്നാണ് വസന്ത ഭൂമി വിലകൊടുത്ത് വാങ്ങിയത്. വസന്തയുടെ പക്കൽ ഭൂമിക്ക് കരമടച്ച രസീത് അടക്കമുള്ള രേഖകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ ഭൂമി രാജൻ കൈയേറിയെന്ന ഹർജിയിൽ വസന്തയ്ക്കനുകൂലമായ കോടതി വിധി ഉണ്ടായതിനെ തുടർന്ന് ഒഴിപ്പിക്കാൻ പൊലീസ് ശ്രമിക്കുമ്പാേഴാണ് ലൈറ്റർ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ രാജനും ഭാര്യയും തീപ്പൊള്ളലേറ്റു മരിച്ചത്. ഈ ഭൂമി വസന്ത അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചത്. ഇത് സാധൂകരിക്കുന്ന ഒരു വിവരാവകാശ രേഖയും രാജന് നേരത്തെ ലഭിച്ചിരുന്നു. വസന്തയിൽ നിന്ന് ഭൂമി വാങ്ങി നൽകാൻ ബോബി ചെമ്മണ്ണൂർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സർക്കാർ തന്നാലെ സ്വീകരിക്കൂ എന്നാണ് രാജന്റെ മക്കൾ പറഞ്ഞിരുന്നത്.