വർക്കല: ആകെ ആശ്രയമായിരുന്ന അമ്മയും മരിച്ചതോടെ മൂന്ന് പെൺകുട്ടികളുടെ ജീവിതം ദുരിതത്തിൽ. പാളയംകുന്ന് വണ്ടിപുര വിളയിൽ വീട്ടിൽ അനിത(37) കരൾ രോഗം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മക്കളായ അനിമോൾ (15), സൂര്യ(11), സുകന്യ( 8) എന്നിവർ അനിതയുടെ അമ്മ ശാന്തയുടെ ചുമതലയിലായത്. 75 വയസ് പിന്നിട്ട ഈ വൃദ്ധയ്ക്ക് മൂന്ന് പെൺക്കുട്ടികളെ കൂടി സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വാർദ്ധക്യകാല അസുഖങ്ങൾ കാരണം കൂലിപ്പണിക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ് ശാന്തയ്ക്ക്.
മൂന്ന് കുട്ടികളും പാളയം കുന്ന് ഗവ. സ്കൂളിലെ വിദ്യാർത്ഥികളാണ്. 10, 6, 2, എന്നീ ക്ലാസുകളിലാണ് മൂവരും പഠിക്കുന്നത്. ഇവരുടെ പിതാവ് വർഷങ്ങൾക്ക് മുൻപ് തന്നെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. അമ്മയുടെ മരണത്തോടെ ഇവർ തികച്ചും അനാഥരായ അവസ്ഥയിലാണ്.
കുട്ടികളെ പഠിപ്പിക്കാനും വളർത്താനുമുള്ള വഴി കാണാതെ ശാന്ത ദുരിതത്തിലായിരിക്കുകയാണ്. എക മകൻ വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ മരിച്ചു. മരിച്ച അനിതയ്ക്കോ മക്കൾക്കോ ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല. മരിച്ചു പോയ മകൻ സജീവിന്റെ വീട്ടിലാണ് മൂന്ന് പെൺക്കുട്ടികളും അമ്മ ശാന്തയും കഴിയുന്നത്. ടാർ പോളിൻ കൊണ്ട് മേൽക്കൂര മറച്ച ആ വീടും എപ്പോൾ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലാണ്.
കുട്ടികളെ സഹായിക്കാനായി അനിതയുടെ അമ്മ ശാന്തയുടെ പേരിലുള്ള എസ്.ബി.ഐയുടെ പാളയം കുന്ന് ശാഖയിലെ 67291487026 എന്ന നമ്പർ അക്കൗണ്ടിലേക്ക് അയയ്ക്കാം .IFSC Code - SBIN0070949. ഫോൺ: 9747971946.