തിരുവനന്തപുരം: മദ്ധ്യകേരളത്തിന്റെ വികസനത്തിന് നിർണായക പങ്ക് വഹിക്കാവുന്ന അങ്കമാലി- ശബരി റെയിൽപാതയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഗ്രീൻ സിഗ്നൽ.പദ്ധതിയുടെ മൊത്തം ചെലവിന്റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുത്ത് കിഫ്ബി മുഖേന തുക ലഭ്യമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2815 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഇതിന്റെ പകുതിയായ 1407.5കോടി രൂപ സംസ്ഥാനം നൽകും 1997- 98 ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് എരുമേലി വഴിയുള്ള ശബരി പാത. ശബരിമല ദർശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ പദ്ധതി നടപ്പാക്കാൻപിന്നീട് റെയിൽവേ താത്പര്യം കാണിച്ചില്ല. നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് പിന്നീട് റെയിൽവേ നിലപാടെടുത്തു. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് വെറും 517 കോടി രൂപയായിരുന്നു. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ റെയിൽവേയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
നടത്തിപ്പും പരിപാലനവും റെയിൽവേയ്ക്ക്
അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേ മന്ത്രാലയം നിർവഹിക്കണം, പാതയിലുൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു, സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം, ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും 50:50 അനുപാതത്തിൽ പങ്കിടണം എന്നീ വ്യവസ്ഥകളോടെയാണ് പകുതി ചെലവ് വഹിക്കാൻ സർക്കാർ തീരുമാനിച്ചത്.അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂർ വരെ ദീർഘിപ്പിക്കുകയാണെങ്കിൽ ഭാവിയിൽ തമിഴ്നാട്ടിലേക്ക് നീട്ടാനാകുമെന്ന സാദ്ധ്യതയും സർക്കാർ കണക്കിലെടുത്തു. ഇത് സംബന്ധിച്ച് റെയിൽവേയുടെ തീരുമാനം നിർണായകമാകും.
അങ്കമാലി -എരുമേലി പാത
അങ്കമാലി മുതൽ എരുമേലി വരെയുള്ള നിർദ്ദിഷ്ടപാത മൂന്ന് ജില്ലകളിലൂടെയാകും കടന്നുപോകുക
അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള പാതയ്ക്ക് 14 സ്റ്റേഷനുകളും വിഭാവനം ചെയ്തിരുന്നു.
ഇതിൽ കാലടി സ്റ്റേഷൻ മാത്രം നിർമ്മാണം പൂർത്തിയായി.
പാതയുടെ ആകെ നീളം 111 കിലോമീറ്ററാണ്. ഇതിൽ 7 കിലോമീറ്ററാണ് ആകെ പൂർത്തിയായത്.