water

തിരുവനന്തപുരം: പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിയെ വെല്ലുന്നൊരു അഴിമതി അരുവിക്കരയിൽ ഒളിപ്പിച്ചിരിക്കുന്നു. വാട്ടർ അതോറിട്ടിയാണ് അഴിമതിയിലെ വില്ലൻ. വെട്ടിപ്പ് നടത്തിയ പാലാരിവട്ടം ഫ്ളൈഒാവർ പണിയുടെ മുഖം മൂടി പൊളിഞ്ഞു വീണെങ്കിൽ വാട്ടർ അതോറിട്ടിയിലെ അഴിമതിയുടെ മുഖപടം പൊളിയാതെ കാക്കുന്നത് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘവും. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ അഴിമതി ഒരു മെഗാ സീരിയൽ പോലെ തുടരുകയാണ്. നഗരത്തിൽ അടിക്കടി പൈപ്പ് പൊട്ടുകയും കെട്ടുകയും പിന്നെയും പൊട്ടുകയും ചെയ്തിരുന്നത് അഴിമതിയുടെ മറ്റൊരു മുഖം.

25 ലക്ഷത്തിൽ നിന്ന്

48 കോടിയിലേക്ക് ഒറ്റച്ചാട്ടം

ഏറ്റവും പഴക്കം ചെന്ന ജലശുദ്ധീകരണശാലയുടെ അറ്റകുറ്റപ്പണിക്കായി തീരുമാനിച്ച് എസ്റ്റിമേറ്റിട്ടത് 25 ലക്ഷമായിരുന്നു. എന്നാൽ, എസ്റ്റിമേറ്റ് പുതുക്കി കരാർ മറിച്ച് നൽകി അഴിമതി നടത്തിയത് 48 കോടിക്ക്. കേട്ടാൽ ഞെട്ടും. വെറും 25 ലക്ഷത്തിന് തീരേണ്ട പണി 48 കോടിക്ക് നൽകി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ലക്ഷത്തിൽ നിന്ന് കോടിയിലേക്കുള്ള കുതിപ്പ് അഴിമതിയുടെയും വെട്ടിപ്പിൻെറയും നേർചിത്രമാണെന്ന് പറയുന്നത് മാപ്പു സാക്ഷികളായ ചില ജീവനക്കാർ തന്നെയാണ്. ആ സംഭവം ഇങ്ങനെ:

അരുവിക്കരയിലെ പഴയ ജല ശുദ്ധീകരണശാല കമ്മിഷൻ ചെയ്തത് 1971 ലാണ്. 72 എം.എൽ.ഡി ജലം സംഭരിക്കാൻ ശേഷിയുള്ള പ്ളാൻറ് 2006 ആയതോടെ രോഗശയ്യയിലായി.

ഈ പ്ളാൻറ് 2010 ൽ 25 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കി റിപ്പയർ ചെയ്യാൻ തീരുമാനിച്ചു. അത് ചിലർക്ക് സുഖിച്ചില്ല. അങ്ങനെ ചുരുങ്ങിയ ചെലവിൽ റിപ്പയർ ചെയ്യേണ്ട എന്നായി ചിലർ. അവരുടെ പ്രത്യേക താത്പര്യത്തിൽ പിന്നീട് റിവിഷൻ നടത്തി അബിരാം എന്ന കമ്പനിക്ക് കരാർ നൽകി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 48 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചു. അത് മറ്റൊരു ജാലവിദ്യ. 25 ലക്ഷത്തിൽ നിന്ന് 48 കോടിയിലേക്ക് കരാർ കുതിച്ചതെങ്ങനെയെന്നത് വാട്ടർ അതോറിട്ടിയിലെ അരമന രഹസ്യമാണ്. അതും വാട്ടർ അതോറിട്ടി തന്നെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയ കമ്പനിക്ക് കരാർ.

സാധാരണ ഏത് ടെണ്ടറിനും 20 ശതമാനം പണം ആദ്യം നൽകുകയും ബാക്കി തുക 80 ശതമാനം പണി തീരുമ്പോൾ നൽകുകയുമാണ് പതിവ്. ഇവിടെ 40 കോടി രൂപ ആദ്യമേ നൽകി. അത് ലഭിച്ച കരാറുകാരൻ പണിക്ക് തുടക്കമിട്ടുകൊണ്ട് പില്ലറുകൾക്ക് അടിസ്ഥാനമിട്ടു. പണി ആരംഭിച്ചുവെന്ന പേരിൽ ബാക്കി 8 കോടികൂടി കൈക്കലാക്കി. പണി അവിടെ നിന്നു. പില്ലറുകളുടെ കമ്പികൾ പിന്നെ അറുത്തു മാറ്റി.

കരാർ കമ്പനി മുങ്ങി

2013 ൽ പൂർത്തിയാക്കേണ്ട നിർമ്മാണ പ്രവൃത്തിയിൽ പില്ലറിന് അടിസ്ഥാനമൊരുക്കിയതല്ലാതെ കരാറെടുത്തവർ പണി മുന്നോട്ട് കൊണ്ടു പോകാൻ തയ്യാറായില്ല. പല കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നപ്പോൾ കുറച്ച് ഉപകരണങ്ങളും പമ്പിനുള്ള മോട്ടോറും അരുവിക്കര കോമ്പൗണ്ടിൽ കൊണ്ടിറക്കിയ ശേഷം കമ്പനി അധികൃതർ മുങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു തുടങ്ങി. ആ 48 കോടി വെള്ളത്തിൽ വരച്ച വരപോലെയായി.

എല്ലാം മറയ്ക്കുന്ന അതോറിട്ടി, 'പ്പ... ശര്യാക്കാൻ'

പൊളിച്ചതും നന്നാക്കേണ്ടി വന്നു

48 കോടി രൂപ വാങ്ങിയവർ തിരിഞ്ഞുനോക്കിയില്ല. പണം തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല. വാട്ടർ അതോറിട്ടി അതെല്ലാം ബോധപൂർവം മറന്നു. ക്ലോറിൻ പ്ലാന്റ് എയർ കംപ്രസറുകൾ, ഇലക്ട്രിക്കൽ കണക്ഷനുകൾ, പൈപ്പ് ലൈനുകൾ തുടങ്ങിയവ കരാർ കമ്പനി പൊളിച്ചിട്ടതിനാൽ അത് വാട്ടർ അതോറിട്ടിക്ക് തന്നെ റിപ്പയർ ചെയ്യേണ്ടിവന്നു. ഇതിലൂടെ 4 ഫിൽറ്റർ ബെഡുകളുടെ പ്രവർത്തനം നിലച്ചു. പൊളിക്കേണ്ട കെട്ടിടങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് സബ് കോൺട്രാക്ടർമാരും മുങ്ങി.

ഈ പ്രോജക്ടിനെക്കുറിച്ച് വാട്ടർ

അതോറിട്ടിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല

റിപ്പയർ വർക്കുകളുടെ അനുബന്ധമായി 86 എം.എൽ.ഡി ജല ശുദ്ധീകരണ ശാലയിൽ കെമിക്കൽ ഫീഡിംഗ് ചെയ്യുന്നതിനായി ഒാട്ടോമൊബൈൽ സ്റ്റേ കെമിക്കൽ ഫീഡ് ചെയ്യുന്നതിനായി ഒാട്ടോമൈസേഷൻ ചെയ്തു. അതിലും അഴിമതി നിറഞ്ഞപ്പോൾ ഒരുമാസം പോലും പ്രവർത്തിപ്പിക്കാനാവാതെ അതും നിലച്ചു. ഒന്നേകാൽ കോടിയുടെ നഷ്ടമാണ് അങ്ങനെ ഉണ്ടായത്.

പുതിയ പ്ളാന്റിന് 76 കോടി മാത്രം

പാഴാക്കിയത് 100 കോടി

കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിലുൾപ്പെടുത്തി പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന 74 എം.എൽ.ഡി ജല ശുദ്ധീകരണശാലയ്ക്ക് കണക്കാക്കിയിരിക്കുന്നത് 76 കോടി രൂപ മാത്രമാണ് എന്നറിയുമ്പോഴാണ് നവീകരണത്തിന് പേരിൽ വാട്ടർ അതോറിട്ടി നടത്തിയ കള്ളക്കളിയുടെ ആഴം വെളിച്ചത്താകുന്നത്. 100 കോടിയോളം രൂപയാണ് അരുവിക്കരയിൽ മാത്രം വാട്ടർ അതോറിട്ടി യാതൊരു പ്രയോജനവുമില്ലാതെ ഒഴുക്കി ക്കളഞ്ഞത്.

വെള്ളം നിറയ്ക്കാൻ പമ്പ്, നിറഞ്ഞപ്പോൾ

തിരിച്ചൊഴുക്കാൻ മറ്റൊരു പമ്പ്!!

പ്ളാൻറിൽ വെള്ളം കുറവായ സമയത്ത് വെള്ളം നിറയ്ക്കാനായി പുതിയ പമ്പ് വച്ചു. അങ്ങനെ വെള്ളം നിറച്ചു. വെള്ളം കൂടിയപ്പോൾ അത് തിരിച്ചൊഴുക്കാൻ മറ്റൊരു പമ്പ് വച്ചു. അങ്ങനെ പമ്പുകൾ സ്ഥാപിച്ചു കൊണ്ടുള്ള കളിയിൽ കോടികൾ ഒഴുകിക്കൊണ്ടിരുന്നു. 2010 ൽ പുതിയൊരു വാട്ടർ ടാങ്ക് നിർമ്മിച്ചു. പത്ത് കോടിയിലധികമായിരുന്നു ചെലവ്. ഇന്നേവരെ അത് ഉപയോഗക്ഷമമായില്ല. തൊട്ടടുത്ത് പഴയ ടാങ്ക് താങ്ങി നിറുത്തിയിട്ടുണ്ട്. നാല് കോടി ചെലവഴിച്ച് നിർമ്മിച്ച കെമിക്കൽ സ്റ്റോറേജ് സംവിധാനവും എങ്ങുമെത്തിയില്ല. ഇങ്ങനെ പോകുന്നു കോടികൾ ഒഴുകിയതിൻെറ പിന്നാമ്പുറങ്ങൾ.

വിജിലൻസ് അന്വേഷണം നടന്നില്ല

അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്ന് ചില ജീവനക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും കേട്ടമട്ട് കാണിച്ചില്ല. അതോടെ വലിയൊരു അഴിമതി പുറം ലോകം കാണാതെ മൂടപ്പെട്ടു.