തിരുവനന്തപുരം: കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിന് മാദ്ധ്യമസമൂഹവും പങ്കുവഹിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ ദേശീയ വൈസ് പ്രസിഡന്റുമായ എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കേരള മീഡിയ അക്കാഡമി പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'ജയ് കിസാൻ' ഫോട്ടോപ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി ഭൂമിയും കാർഷികോത്പന്നങ്ങളും ഭക്ഷ്യസംസ്‌കരണവും രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതാണ് പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ കർഷകസമരമാണ് ഡൽഹിയിൽ നടക്കുന്നത്.
പ്രതിസന്ധിയിലായ കർഷക സമൂഹത്തെ സംരക്ഷിക്കണമെന്നും ഉത്പാദനക്ഷമതയും ന്യായവിലയും ഉറപ്പാക്കുന്നതിന് കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ ശുപാർശ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാദ്ധ്യമങ്ങൾ ആരുടെ പക്ഷത്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ഒത്തുകൂടലാണ് ജയ് കിസാൻ ഇമേജ് ഫോട്ടോപ്രദർശനമെന്ന് അദ്ധ്യക്ഷത വഹിച്ച മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. ഫോട്ടോ ജേർണലിസറ്റ് ബി. ചന്ദ്രകുമാർ രചിച്ച ഫോട്ടോ ജേർണലിസം ഹാൻഡ്ബുക്ക് എസ്. രാമചന്ദ്രൻ പിള്ള മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്തു.
ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം എന്നിവർ സംസാരിച്ചു. ബി. ചന്ദ്രകുമാർ സ്വാഗതവും മീഡിയ അക്കാഡമി മുൻ സെക്രട്ടറി കെ. മോഹനൻ നന്ദിയും പറഞ്ഞു.