₹ശമ്പള കമ്മിഷൻ റിപ്പോർട്ട് ഈ മാസം സമർപ്പിച്ചേക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഈ മാസം സമർപ്പിക്കുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ. മറ്റ് നാല് സംസ്ഥാനങ്ങളൊടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനായി മാർച്ചിൽ വിജ്‌ഞാപനം വരാനിടയുള്ള സാഹചര്യത്തിൽ, അത് നടപ്പാക്കാനുള്ള തീരുമാനമെടുക്കണമെങ്കിൽ റിപ്പോർട്ട് ഈ മാസം ലഭിക്കണം. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് തീരുമാനമെടുക്കാൻ ഒരു മാസം വേണ്ടിവരും.

ചുരുങ്ങിയ ശമ്പളം 25,000 രൂപയെങ്കിലുമാക്കുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാർ. അടുത്ത സർക്കാർ വന്നാലുടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാവും പരിഷ്കരണം. ഭരണമാറ്റം വരുമെന്ന നിലയിൽ സർക്കാർ വൻതോതിൽ ആനുകൂല്യങ്ങൾ നൽകുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിൽ, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വലിയ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്.

ഇപ്പോൾ 16,500 രൂപയാണ് എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം. 2019 ജൂലായ് മുതലുള്ള ഡി.എ വർദ്ധന കൂടി പരിഗണിക്കുമ്പോൾ 21,120രൂപയാവും. കഴിഞ്ഞ തവണ 500 രൂപ മുതൽ 2400 രൂപ വരെയായിരുന്നു വർദ്ധന. അടിസ്ഥാന ശമ്പളത്തിൽ നാല് ശതമാനം വാർഷിക ഇൻക്രിമെന്റ് എങ്കിലും വേണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് നാല് സ്ലാബുകളായി 1000 രൂപ മുതൽ 3000 രൂപ വരെയാണ് വീട്ടുവാടക അലവൻസ്. കേന്ദ്രനിരക്കിൽ അടിസ്ഥാന ശമ്പളത്തിന്റെ 22 % നൽകണമെന്നാണ് ചില സംഘടനകൾ ആവശ്യപ്പെടുന്നത്.

ജനുവരി, ജൂലായ് മാസങ്ങളിലെ ഡി.എ വർദ്ധന 2018 ജൂലായ് മാസത്തിന് ശേഷം അനുവദിച്ചിട്ടില്ല.ഇപ്പോഴത് 20 ശതമാനം വ‌ർദ്ധിച്ചു. പത്താം ശമ്പള കമ്മിഷൻ 80 ശതമാനം ഡി.എയാണ് ലയിപ്പിച്ചത്. ഫിറ്റ്മെന്റ് അലവൻസ്, സർവീസ് വെയിറ്റേജ് എന്നിവയും ശമ്പള കമ്മിഷൻ തീരുമാനിക്കും. കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തെ ഡി.എ വ‌ർദ്ധന കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്. കേരളത്തിലാകട്ടെ, കൊവിഡിന് മുമ്പേ ഇത് നൽകിയിരുന്നില്ല.