sectoral

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്സവ, സാംസ്‌കാരിക പരിപാടികളിൽ ഉൾപ്പെടെ ആൾക്കൂട്ടം നിയന്ത്രിക്കാനും നടപടിയെടുക്കാനും എല്ലാ ജില്ലകളിലുമായി ഇരുന്നൂറിൽപ്പരം ഗസറ്റഡ് ഉദ്യോഗസ്ഥരെ സെക്ടറൽ മജിസ്‌ട്രേട്ടുമാരായി വീണ്ടും നിയമിച്ചു. ഇവരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അനുഗമിക്കും. കഴിഞ്ഞ ഒക്ടോബർ മുതൽ നവംബർ പകുതി വരെ ഗസറ്റഡ് ഉദ്യോഗസ്ഥരെ സെക്ടറൽ മജിസ്‌ട്രേട്ടുമാരായി നിയമിച്ചിരുന്നു.

ഓരോ ജില്ലയിലും 10 മുതൽ 15 വരെ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ കളക്ടർമാരാണ് നിയമിക്കുക. ഫെബ്രുവരി 28 വരെയാണ് നിയമനം. ഇക്കാലയളവിൽ ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി) വകുപ്പ് 21 പ്രകാരമുള്ള അധികാരം ഇവർക്ക് നൽകും.

സെക്ടറൽ മജിസ്‌ട്രേട്ടുമാരെ മാറ്റിനിയമിക്കുന്ന ചുമതല ദുരന്തനിവാരണ കമ്മിഷണർക്കാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ നിയമനചുമതല അതതു ജില്ലാ പൊലീസ് മേധാവികൾക്കും. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വീണ്ടും സെക്ടറൽ ഓഫീസർമാരെ നിയമിക്കുന്നത്. സിനിമ തിയേറ്ററുകളുടെ പ്രവർത്തനം, ഉത്സവങ്ങൾ, കലാ-കായിക- സംസ്‌കാരിക പരിപാടികൾ, കായിക പരിശീലനങ്ങൾ തുടങ്ങിയവ കൊവിഡ് മാനദണ്ഡം പാലിച്ചാണോയെന്ന് ഇവർ ഉറപ്പാക്കും. വലിയ പൊതുജന പങ്കാളിത്തമുള്ള പരിപാടികളിൽ വൈകിട്ടും അവധി ദിനങ്ങളിലും സെക്ടറൽ മജിസ്‌ട്രേട്ടുമാർ പരിശോധന നടത്തി നടപടി സ്വീകരിക്കും.

ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് പ്രതിഷേധം

സെക്ടറൽ മജിസ്ട്രേട്ടുമാരായി നിയമിച്ചതിൽ ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് പ്രതിഷേധം. വലിയ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നിട്ടും കുട്ടികളെ പഠിപ്പിക്കാൻ സമയം കിട്ടില്ലെന്നാണ് ഇവരുടെ പരാതി. മാർച്ചിൽ പരീക്ഷ നടക്കാനിരിക്കെ സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നത് വിദ്യാർത്ഥികളെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. 14 മുതൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണയവും ആരംഭിക്കും. കൊല്ലം ജില്ലയിൽ മാത്രം 15 എച്ച്.എസ്.എസ് അദ്ധ്യാപകരെയാണ് സെക്ടറൽ മജിസ്ട്രേട്ടുമാരായി നിയമിച്ചത്.