case

തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ച കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അന്തിമറിപ്പോർട്ട് നൽകിയശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതേസമയം, പുതിയ തെളിവുകളുണ്ടെന്നും കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും സർക്കാരിന് ഹൈക്കോടതിയോട് അപേക്ഷിക്കാം. ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണ ഉത്തരവിടാനാവും.

ക്രിമിനൽ നടപടിച്ചട്ടം 173(8)പ്രകാരം ശാസ്ത്രീയപരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കി, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് സാധിക്കും. പക്ഷേ, അത് വിചാരണ പൂർത്തിയാകുന്നതിന് മുമ്പായിരിക്കണം. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പുനർവിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടതോടെ ഈ നിയമതടസം നീങ്ങി. പെരിയ ഇരട്ടക്കൊലകേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയാണ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം, കേസന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടുന്ന പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നില്ല. വീഴ്ചവരുത്തിയ പൊലീസുദ്യോഗസ്ഥനെ ഭാവിയിൽ ഒരു കേസന്വേഷണത്തിനും നിയോഗിക്കരുതെന്നും, തെളിവുകൾ കോടതിയിൽ മറച്ചുവച്ച പ്രോസിക്യൂട്ടർമാരെ വീണ്ടും പ്രോസിക്യൂട്ടർമാരാക്കരുതെന്നും പി.കെ.ഹനീഫ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ആദ്യം കേസന്വേഷിച്ച എസ്.ഐ പി.സി. ചാക്കോ ഗുരുതര കൃത്യവിലോപം കാട്ടിയെന്നാണ് കണ്ടെത്തൽ.

നാണംകെട്ട വീഴ്ചകൾ

1. മൂത്ത പെൺകുട്ടി മരിച്ച് 51ദിവസം കഴിഞ്ഞാണ് ഇളയകുട്ടി മരിച്ചത്. ഇത്രയും ദിവസത്തിനിടെ ഇളയകുട്ടിയുടെ മൊഴിയെടുത്തില്ല. കുട്ടിക്ക് നിർണായക വിവരങ്ങൾ അറിയാമെന്നും മൊഴിയെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടതാണ്

2. പ്രതികളിൽ രണ്ടു പേർ മൂത്ത മകളെ പീഡനത്തിനിരയാക്കിയത് കണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞെങ്കിലും, വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയില്ല. പ്രതികളുടെ കുറ്റസമ്മത മൊഴിയും രേഖപ്പെടുത്തിയില്ല

3. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി ധരിച്ചെന്ന് പറയുന്ന വസ്ത്രങ്ങൾ കണ്ടെടുത്തെങ്കിലും ശാസ്ത്രീയ പരിശോധനാ തെളിവ് കോടതിയിലെത്തിയില്ല. പ്രതികൾ പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ തീയതി തെറ്റിച്ചത് കേസ് ദുർബലമാക്കി

4. മൊബൈൽ ഫോണിൽ നഗ്നചിത്രമെടുക്കാൻ ഒരു പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടെന്ന് സാക്ഷി കോടതിയിൽ പറഞ്ഞെങ്കിലും ഇക്കാര്യവും പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലില്ല

5. ഒമ്പതുകാരിക്ക് തൂങ്ങിമരിക്കാനായി കട്ടിലിൽ കയറി ഉയരത്തിൽ കുരുക്കിടാൻ കഴിയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിട്ടും കമ്പുകൊണ്ട് കയർ ഉയരത്തിലിട്ട് കുരുക്കിട്ടെന്ന് പൊലീസ് നിഗമനത്തിലെത്തി

6. പൊലീസ് കണ്ടെത്തിയ തെളിവുകൾ പ്രോസിക്യൂട്ടർ ലതാ ജയരാജ് കോടതിയിൽ അവതരിപ്പിച്ചില്ല. ഇവരെ ഒരു കേസിലും സർക്കാരിന്റെ പ്രോസിക്യൂട്ടറായി പരിഗണിക്കരുതെന്ന് ജുഡീഷ്യൽ കമ്മിഷൻ ശുപാർശയുണ്ട്

കേസിൽ ഇനി

 പ്രോസിക്യൂഷൻ വിട്ടുകളഞ്ഞ 25 സാക്ഷികൾ, സാഹചര്യത്തെളിവ് എന്നിവ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം നൽകാം

കൂറുമാറിയ സാക്ഷികളെ ഒഴിവാക്കി,ശക്തമായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിച്ചേർക്കാം

 പെൺകുട്ടികൾ പീ‌ഡിപ്പിക്കപ്പെട്ടിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാന ശാസ്ത്രീയ തെളിവാക്കി മാറ്റാം

 വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതടക്കമുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കാം

ഇരകളുടെ പക്ഷത്താണ് സർക്കാർ. അതിൽ രാഷ്ട്രീയമില്ല, മനുഷ്യത്വവും നീതിയും മാത്രമാണ് പരിഗണിക്കുക.

- മുഖ്യമന്ത്രി പിണറായി വിജയൻ (നിയമസഭയിൽ പറഞ്ഞത്)