തിരുവനന്തപുരം: കേരളത്തിലേക്ക് പക്ഷിപ്പനി എത്തിയത് ദേശാടനപക്ഷികളിലൂടെയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആലപ്പുഴയിൽ 37,654ഉം കോട്ടയത്ത് 7,229ഉം പക്ഷികളെ കൊന്നു. പക്ഷികളെ കൊല്ലുന്നത് നാളെ രാവിലെ അവസാനിപ്പിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോ​ഗബാധിത പ്രദേശത്തുള്ള മറ്റ് വളർത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം. പക്ഷിപ്പനി പ്രതിരോധത്തിന് 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോ​ഗിക്കും.
പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം സംഭവിക്കാം. 10 ദിവസത്തേക്ക് ജാ​ഗ്രത തുടരും. രോ​ഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വില്പനയ്ക്കുള്ള നിരോധനം തുടരുമെന്നും മന്ത്രി പറഞ്ഞു.