തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ആരംഭം കുറിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അതേപടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. ഡൽഹി കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ നയപ്രഖ്യാപനത്തിൽ സർക്കാർ ഉൾപ്പെടുത്തിയ വിമർശനങ്ങൾ ഗവർണർ അംഗീകരിക്കുമോയെന്ന ആശങ്കയുണ്ടായെങ്കിലും വിയോജിപ്പ് രേഖപ്പെടുത്താതെ അംഗീകരിച്ച് ചീഫ്സെക്രട്ടറിക്ക് തിരിച്ചയച്ചു. അച്ചടിക്കായി ഇന്ന് അത് സർക്കാർ പ്രസിലേക്ക് വിടും.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപനം നടത്തുന്നതിനായി ഔദ്യോഗികമായി ക്ഷണിച്ചു.
കേന്ദ്ര കാർഷിക നിയമഭേദഗതികൾ സംസ്ഥാനത്തും ആശങ്കയുണർത്തുന്നതാണെന്ന് കരട് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതായി സൂചനയുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനുള്ള ശുപാർശ ആദ്യം ഗവർണർ നിരസിച്ചത് വിവാദമായിരുന്നു. രണ്ടാമതും മന്ത്രിസഭായോഗം ശുപാർശ ചെയ്തത് ഗവർണർ അംഗീകരിച്ചു. തുടർന്നാണ് ഡിസംബർ 31ന് സമ്മേളനം ചേർന്നത്.
കഴിഞ്ഞ വർഷം പൗരത്വ നിയമഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നിരസിച്ചിരുന്നു. തുടർന്ന് വിയോജിപ്പുണ്ടെങ്കിലും താനത് വായിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഗവർണർ ആ ഭാഗം വായിക്കുകയായിരുന്നു.