തിരുവനന്തപുരം: സംസ്ഥാനത്ത് മെച്ചപ്പെട്ട നഗരാസൂത്രണ നയം രൂപീകരിക്കുന്നതിനും, പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിർമ്മാണത്തിനും 2016ലെ നഗര- ഗ്രാമാസൂത്രണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ല് മന്ത്രിസഭായോഗം അംഗീകരിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ലോക്കൽ, ഏരിയ പ്ലാനുകൾ വേഗത്തിൽ തയാറാക്കി അംഗീകാരം നൽകാനും നടപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിൽ വർഷങ്ങളെടുത്താണ് അവ പൂർത്തിയാക്കുന്നത്. പ്രകൃതിക്ഷോഭ സാദ്ധ്യതാ, പരിസ്ഥിതിലോല , പൈതൃക സംരക്ഷണ
പ്രദേശങ്ങളിൽ സർക്കാരിനോ തദ്ദേശസ്ഥാപനത്തിനോ വേഗത്തിൽ വികസന പ്ലാൻ രൂപീകരിക്കാം. തദ്ദേശസ്ഥാപനം തയാറാക്കി നൽകുന്ന വികസന പ്ലാൻ ചീഫ് ടൗൺപ്ലാനർ പരിശോധിച്ച് 21 ദിവസത്തിനകം സർക്കാരിനെ അറിയിക്കണം. സർക്കാരിന് വേഗത്തിൽ പരിശോധിച്ച് അംഗീകരിക്കുകയോ ഭേദഗതി നിർദ്ദേശിക്കുകയോ ആകാം. ഒരു വർഷത്തിനകം പ്ലാനിന് അന്തിമാംഗീകാരം നൽകാനാവും..
തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാനിന് 15 വർഷത്തെ സമയപരിധിയും നിർദ്ദേശിക്കുന്നു. നിലവിൽ, പുതിയ മാസ്റ്റർപ്ലാൻ വരുന്നത് വരെ തുടരുന്നതാണ് രീതി. മാസ്റ്റർപ്ലാന്റെ കരട് ഉണ്ടാക്കിയിട്ടും തുടർനടപടി നീട്ടിക്കൊണ്ട് പോവുകയാണെങ്കിൽ, ജില്ലാ ആസൂത്രണസമിതികളെ ഏല്പിച്ച് തുടർനടപടികൾ ചെയ്യിക്കാം.