kovalam

കോവളം: മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യത ഉറപ്പാക്കുന്നതിന് മൂന്ന് മത്സ്യഗ്രാമങ്ങളിലെ തീരക്കടലിൽ വീണ്ടും മീൻകൂടുകൾ (കൃത്രിമ പാരുകൾ) സ്ഥാപിക്കുന്നു. പൂന്തുറ, ബീമാപള്ളി, വലിയതുറ എന്നീ മത്സ്യഗ്രാമങ്ങളിലെ തീരക്കടലിലാണ് കോൺക്രീറ്റിൽ നിർമ്മിച്ച പാരുകൾ സ്ഥാപിക്കുന്നത്. ഒരു മീൻപിടിത്ത ഗ്രാമത്തിന്റെ പരിധിയിലുളള തീരക്കടലിൽ 280 പാരുകളാണിടുക. ഇത്തരത്തിൽ മൂന്ന് ഗ്രാമങ്ങളിലുമായി 840 പാരുകൾ സ്ഥാപിക്കും. രണ്ട് കോടി രൂപയാണ് പദ്ധതിച്ചെലവ്. ഫിഷറീസ് വകുപ്പിന് വേണ്ടി തീരദേശ വികസന കോർപ്പറേഷനാണ് പാരുകൾ നിർമ്മിക്കുന്നത്. ഇതേ സ്ഥലങ്ങളിൽ രണ്ട് വർഷം മുമ്പും കോൺക്രീറ്റിൽ നിർമ്മിച്ച പാരുകൾ കടലിലിട്ടിരുന്നു. ഇത് വൻ വിജയമായതിനെ തുടർന്നാണ് വീണ്ടും പാരുകൾ സ്ഥാപിക്കുന്നതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. വിഴിഞ്ഞം ഹാർബറിന് സമീപത്താണ് പാരുകളുടെ നിർമ്മാണം നടക്കുന്നത്. മാർച്ച് അവസാനത്തോടെ വലിയ ബോട്ടുകളിൽ പാരുകളെത്തിച്ച് കടലിലിടും.

മത്സ്യസമ്പത്ത് ഉയരും

കടലിൽ സ്ഥാപിക്കുന്ന പാരുകളിൽ പായലും സസ്യങ്ങളും പവിഴപുറ്റുകളും വളരുന്നതോടെ സസ്യജന്തു പ്ലവകങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. പാരിനുളളിൽ തങ്ങാനുളള ആവാസവ്യവസ്ഥ രൂപപ്പെടുന്നതോടെ ചെറുതും വലുതുമായ മീനുകളുമെത്തും. ഇത് ലക്ഷ്യം വച്ചാണ് കടലിൽ പാരുകൾ സ്ഥാപിക്കുന്നത്.

ഉപയോഗം പരമ്പരാഗത തൊഴിലാളികൾക്ക്

പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ചൂണ്ടയിടുന്നവർക്കും ചെറുയാനങ്ങളിൽ മീൻപിടിക്കുന്നവർക്കുമാണ് പാരുകൾ നിക്ഷേപിക്കുന്നതിന്റെ ഗുണം കിട്ടുക. കുറച്ചുദൂരം യാത്ര ചെയ്ത് ധാരാളം മീൻ പിടിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകൾക്കു കൂട്ടമായി തമ്പടിക്കുന്നതിനുള്ള മീൻകൂടൊരുക്കലാണ് പാര് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇവ സ്ഥാപിച്ചു കഴിഞ്ഞാൽ പായലിന്റെ വളർച്ചയ്ക്കൊപ്പം ലക്ഷക്കണക്കിനു ചെറുജീവികളുടെ സാന്നിദ്ധ്യമുണ്ടാകും. ഇതോടെ പാരുകൾ ചെറുമീനുകളുടെ സങ്കേതമാകും.

പദ്ധതി ചെലവ്: 02 കോടി രൂപ

ഒരു ഗ്രാമത്തിൽ: 280 പാരുകൾ

ആകെ സ്ഥാപിക്കുന്നത്:840 പാരുകൾ

"പൂന്തുറ, ബീമാപള്ളി, വലിയതുറ എന്നീ സ്ഥലങ്ങൾക്ക് പുറമേ ജില്ലയിലെ ഏഴ് മത്സ്യഗ്രാമങ്ങളിലെ തീരക്കടലിലും കോൺക്രീറ്റ് പാരുകൾ സ്ഥാപിക്കും."

പി.ഐ.ഷേക്ക് പരീത്, തീരദേശ വികസന കോർപ്പറേഷൻ എം.ഡി