vp

തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കുന്ന ഒഴിവിൽ പുതിയ ചീഫ്സെക്രട്ടറിയായി ഡോ.വി.പി. ജോയി നിയമിതനാകും.ഇതിന്റെ മുന്നോടിയായി അദ്ദേഹത്തെ അഡിഷണൽ ചീഫ്സെക്രട്ടറി റാങ്കിൽ സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. 1987 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജോയി അഡിഷണൽ ചീഫ്സെക്രട്ടറിമാരിൽ ഏറ്റവും സീനിയറാണ്.

ഓഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിക്കുമ്പോൾ എല്ലാ വകുപ്പിലെയും കാര്യങ്ങളിൽ ഇടപെടാൻ തടസമുണ്ടാകില്ല. വിവിധ വകുപ്പുകളിലെ സീനിയർ, ജൂനിയർ ഉദ്യോഗസ്ഥരുമായി ഇടപഴകാനാവും. ചീഫ്സെക്രട്ടറി തലത്തിലുള്ള സുപ്രധാന യോഗങ്ങളിലും പങ്കെടുക്കാം. ചീഫ്സെക്രട്ടറിയാകുമ്പോൾ ഈ പരിചയം മുതൽക്കൂട്ടാവും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ധനകാര്യ സെക്രട്ടറിയായിരിക്കെ ജോയി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്.

മുമ്പ് ജിജി തോംസൺ സംസ്ഥാനത്തേക്ക് ചീഫ്സെക്രട്ടറിയായി മടങ്ങിയെത്തിയപ്പോഴും ആദ്യം പൊതുഭരണവകുപ്പിൽ അഡിഷണൽ ചീഫ്സെക്രട്ടറിയായി നിയമിക്കുകയും വിവിധ വകുപ്പുകളുടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അടുത്ത ഒഴിവിൽ അദ്ദേഹം ചീഫ്സെക്രട്ടറിയായത്.