തിരുവനന്തപുരം: മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെ വായ്പ നൽകിയുള്ള തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
വായ്പയെടുത്തവരുടെ സ്വകാര്യവിവരങ്ങൾ മൊബൈലിൽ നിന്ന് ചോർത്തിയെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും, വായ്പാക്കെണി ആത്മഹത്യയ്ക്ക് വഴിവയ്ക്കുകയും ചെയ്തതോടെയാണ് പൊലീസിന്റെ ഇടപെടൽ. കഴുത്തറുപ്പൻ പലിശയ്ക്ക് വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണത്തിൽ സഹായിക്കും. തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമാണ് പ്രവർത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിന് പിന്നിലുണ്ട്. ഈ സാഹചര്യത്തിൽ ഇന്റർപോൾ, സി.ബി.ഐ എന്നിവയുടേയും തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം.
മൊബൈൽ ആപ്ലിക്കേഷനിലൂടെ വായ്പയെടുത്തവരിൽ ചിലർ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങളെ തുടർന്നാണ് അന്വേഷണമെന്നും മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിരവധി മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇതിനായി പ്ലേ സ്റ്റോറിലുള്ളത്. വായ്പയ്ക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ അവർ പറയുന്ന നിബന്ധനകൾ അംഗീകരിച്ചേ മുന്നോട്ടുപോകാനാകൂ. ഫോണിലെ കോൺടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് കമ്പനിക്ക് കടന്നുകയറാം. വായ്പയ്ക്ക് അപേക്ഷിച്ചാൽ മൊബൈൽ ഫോണിലെ ഫോട്ടോകളും ഫോൺബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം ചോർത്തിയെടുക്കും. ആധാർ കാർഡ് നമ്പർ, പാൻ കാർഡ് നമ്പർ, ഒപ്പിന്റെ ഫോട്ടോ ഇത്റയും വിഡിയോ കോളിൽ കാണിച്ചാൽ വീഡിയോ കെവൈസി റെഡി. പിന്നാലെ വായ്പയും റെഡി. വായ്പാതിരിച്ചടവ് വൈകിയാൽ സൈബർ ഗുണ്ടായിസം തുടങ്ങും.
. ഉപയോക്താവിന്റെ ചെറിയ തുക വായ്പ നൽകുമ്പോൾ തന്നെ ഉയർന്ന കൈകാര്യ തുകയും കഴുത്തറുപ്പൻ പലിശയുമാണ് ഈടാക്കുന്നത്. ചില ആപ്ലിക്കേഷനുകളിൽ 36 ശതമാനം വരെയാണ് പലിശ. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഭീഷണികളും തുടങ്ങും. 5000രൂപയുടെ ലോൺ തീർക്കാൻ 3000ന്റെ മൂന്ന് ലോണെടക്കേണ്ടിവന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോൾ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരുമുണ്ട്. കോഴിക്കോട്ടും പത്തനംതിട്ടയിലും കൊച്ചിയിലുമെല്ലാം നൂറുകണക്കിനു പേരാണ് വായ്പാ തട്ടിപ്പിൽ കുടുങ്ങിയത്.
ഓൺലൈൻ ഗെയിമുകൾ
നിരോധിക്കില്ല: മന്ത്രി ബാലൻ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കളിക്കാർക്ക് മരണക്കെണിയൊരുക്കുന്ന ഓൺലൈൻ റമ്മിയടക്കമുള്ള ഗെയിമുകൾ നിരോധിക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് മന്ത്രി എ.കെ. ബാലൻ കേരളകൗമുദിയോട് പറഞ്ഞു.
തമിഴ്നാട്, അസം,തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ഓർഡിനൻസിറക്കി ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതിനെതിരെ കമ്പനികൾ കോടതിയെ സമീപിച്ചിട്ടുണ്ട്
1960ലെ ഗെയിമിംഗ് ആക്ട് പ്രകാരം പണം വച്ചുള്ള വാതുവയ്പ്പും കളികളും ചൂതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ റമ്മി പോലുള്ള സ്കിൽഡ് ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. കേരളം കേന്ദ്രനിയമമാണ് പിന്തുടരുന്നത്.
ഓൺലൈൻ ചൂതാട്ടത്തിൽ ആത്മഹത്യകൾ വർദ്ധിച്ചതോടെയാണ് തമിഴ്നാട് ഓർഡിനൻസിറക്കിയത്. കളിച്ചാൽ 5000 രൂപ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയും രണ്ട് വർഷം തടവും. തമിഴ്നാട് ഗെയിമിംഗ് ആക്ട് 1930, ചെന്നൈ സിറ്റി പൊലീസ് ആക്ട് 1888, തമിഴ്നാട് ജില്ലാ പൊലീസ് ആക്ട് 1859 എന്നിവ ഭേദഗതി ചെയ്താണ് ഓർഡിനൻസിറക്കിയത്. സമ്മാനത്തുക വിതരണം ചെയ്യുന്നതിനും ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനും ശിക്ഷനൽകാൻ വ്യവസ്ഥകളുണ്ട്.