covid

തിരുവനന്തപുരം:കേരളത്തിലെ കൊവിഡ് നിയന്ത്രണം മോശമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥിതി വിലയിരുത്താൻ കേന്ദ്രവിദഗ്ദ്ധ സംഘം നാളെ എത്തും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ.സിംഗിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘമാണ് എത്തുന്നത്.

കൊവിഡ് നിയന്ത്രിക്കുന്നതിൽ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനം, ജില്ലാതല നിയന്ത്രണം, വ്യാപനമുണ്ടാക്കുന്ന സാഹചര്യങ്ങൾ, സാമൂഹ്യനിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവ സംഘം പരിശോധിക്കും. ഇനി സ്വീകരിക്കേണ്ട നിയന്ത്രണ നടപടികളെയും നിലവിലെ രീതി പരിഷ്കരിക്കുന്നതിനെയും പറ്റി സംഘം നിർദ്ദേശങ്ങൾ സമർപ്പിക്കും.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി രൂക്ഷമാണെന്നും കേന്ദ്രസംഘം വിലയിരുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തൊട്ടുപിന്നാലെയാണ് ഉന്നതതലസംഘം വരുന്നത്. കേന്ദ്രസംഘം എത്തേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനത്തിൽ കേരളമാണ് മുന്നിലെന്ന് കേന്ദ്രസംഘത്തെ അയയ്‌ക്കുന്നത് സംബന്ധിച്ച അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൊത്തം രോഗവ്യാപനത്തിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. രാജ്യത്ത് പോസിറ്റിവിറ്റി രണ്ടുശതമാനത്തിൽ താഴെയാണ്. കേരളത്തിൽ പത്ത് ശതമാനത്തിൽ കൂടുതലും. ഒരു മാസത്തിനുള്ളിൽ രോഗവ്യാപനം കുറഞ്ഞില്ല. കഴിഞ്ഞ ഒരാഴ്ച അയ്യായിരത്തിലേറെയാണ് ശരാശരി രോഗവ്യാപനം. രോഗം കുറയാത്തത് ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ജനിതകമാറ്റം വന്ന വൈറസ് വ്യാപനവും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം,​ പുതിയ സാഹചര്യം വിലയിരുത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഹെൽത്ത് സെക്രട്ടറിയും ഡയറക്ടറും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഘം നിലവിലെ രോഗ നിയന്ത്രണ സംവിധാനങ്ങൾ പരിശോധിക്കും.

#വാക്‌സിനിൽ പ്രതീക്ഷയോടെ കേരളം

കൊവിഡ് വാക്സിൻ ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും പൊലീസ്, മുൻഗണനാവിഭാഗം പ്രവർത്തകർ തുടങ്ങിയവർക്കുമാണ് നൽകുക. ഇതിന്റെ ഡ്രൈറൺ നാളെ വീണ്ടും നടത്തും. എവിടെ നടത്തണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സംഘം ഇന്ന് തീരുമാനിക്കും.

#കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചത്തെ പ്രതിദിന രോഗവ്യാപനം

ഡിസം 31- 6768

ജനു.1 - 5725

ജനു.2- 4991

ജനു.3- 5328

ജനു.4 - 4600

ജനു.5 - 3021

ജനു.6.-5625

ജനു.7 - 6394

#ഇന്നലെ രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ. 18,​088, കേരളം 6,​394, മഹാരാഷ്ട്ര 2,​828, ഛത്തീസ് ഗഡ് 1,​651