report
കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച മുഖ്യവാർത്ത

തിരുവനന്തപുരം: ഓൺലൈൻ റമ്മിയടക്കമുള്ള സൈബർ ഗെയിമുകൾ കളിക്കാൻ മൊബൈൽ ആപ്പുകൾ വഴി കൊള്ളപ്പലിശയ്‌ക്ക് വായ്പ നൽകി കുടുക്കുന്നതിന്റെ വിവരങ്ങൾ പുറത്തു വരുന്നു. കൈയിൽ പണമില്ലെങ്കിൽ വായ്പയെടുത്ത് കളിക്കാൻ ആപ്പുകൾ സൗകര്യമുണ്ടാക്കുന്നു. ദിവസക്കണക്കിനുള്ള കൊള്ളപ്പലിശയ്‌ക്ക് മിനിറ്റുകൾക്കകം വായ്പ ലഭ്യമാകും. പണം തീരുമ്പോൾ വീണ്ടും വായ്പയെടുക്കാം. ഒടുവിൽ ദുരന്തമാവും കാത്തിരിക്കുക. ഓൺലൈൻ കളിക്ക് ഇടയിൽ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നൽകിയും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുമാണ് യുവാക്കളെ ചതിയിൽ പെടുത്തുക.

ഇരുപത്തിയഞ്ച് ലക്ഷം രൂപ കടം കയറി ആത്മഹത്യ ചെയ്ത ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരൻ വി.എച്ച്. വിനീത് ഓൺലൈൻ റമ്മി കളിക്കാൻ ആപ്പിലൂടെ വായ്പയെടുത്തെന്നാണ് വിവരം. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയതിന് പുറമേയാണിത്. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയ കമ്പനി വിനീതിനെ അവഹേളിച്ച് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഫോട്ടോ അടക്കം സന്ദേശം അയച്ചിരുന്നു. ഇത് വിനീതിനെ തളർത്തി. വായ്പാ ആപ്പിന്റെ എക്സിക്യൂട്ടീവ് വീട്ടിൽ എത്തിയെന്ന് വിനീതിന്റെ സഹോദരൻ വ്യക്തമാക്കി.

തിരിച്ചടവ് മുടങ്ങിയാൽ ഗുണ്ടായിസം


#വായ്പ പലിശ സഹിതം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ കോണ്ടാക്ട് ലിസ്​റ്റിലെ എല്ലാവർക്കും സാമ്പത്തിക തട്ടിപ്പുകാരനാണെന്ന സന്ദേശം അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തും.


##പലിശ ഒന്നര ശതമാനമെന്നാണ് വായ്പയെടുക്കുമ്പോൾ പറയുക. പക്ഷേ ഇത് ദിവസപ്പലിശയാണ്.


##സുഹൃത്തുക്കളെയും ബന്ധുക്കളെയും അവരറിയാതെ ജാമ്യക്കാരാക്കി വായ്പയെടുത്തെന്ന സന്ദേശങ്ങൾ അവരുടെ ഫോണുകളിലേക്ക് അയയ്ക്കും.


##ഫോണിൽ സേവ് ചെയ്ത നമ്പറുകളിലേക്ക് വായ്പാത്തട്ടിപ്പുകാർ രാവും പകലും തുടരെ വിളിക്കും.


##വായ്പയെടുത്ത ആളുടെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി ഡിഫോൾട്ടർ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് തുടങ്ങും.


## ഭാര്യ, അമ്മ തുടങ്ങി അടുത്ത ബന്ധുക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ചുവയോടെ വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങും


##തിരിച്ചടച്ചു തീർത്താലും അടവു തെ​റ്റിയെന്നും തുക ബാക്കിയുണ്ടെന്നും പറഞ്ഞ് ഭീഷണി സന്ദേശങ്ങൾ അയയ്ക്കും.