theft

തിരുവല്ല: നെടുമ്പ്രം സി.എം.എസ് എൽ.പി സ്കൂളിൽ പട്ടാപ്പകൽ മോഷണം നടത്തിയ നാടോടി ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശികളായ മുരുകൻ, സരസ്വതി എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. സ്കൂളിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് സംഘം അകത്തുകടന്നത്. ലാപ് ടോപ്പ്, സ്കൂളിൽ കഞ്ഞി വയ്ക്കാൻ ഉപയോഗിക്കുന്ന അലൂമിനിയം കലങ്ങൾ, ട്രോഫികൾ എന്നിവയാണ് മോഷ്ടിച്ചത്. കലങ്ങളും ട്രോഫികളും ചവിട്ടിയൊടിച്ച നിലയിൽ ഇവരിൽ നിന്ന് കണ്ടെടുത്തു. രക്ഷപ്പെട്ടയാൾ ലാപ് ടോപ്പുമായാണ് കടന്നത്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പുളിക്കീഴ് എസ്. ഐ അഭിലാഷ് പറഞ്ഞു.