തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ യു.ഡി.എഫിന്റെ നിർണായക നേതൃപദവികളിലൊന്നിൽ ഉമ്മൻചാണ്ടിയെ എത്തിക്കാൻ ഹൈക്കമാൻഡ് ശ്രമമാരംഭിച്ചു. അദ്ദേഹത്തിന്റെ പൂർണസമ്മതം ഉറപ്പായ ശേഷമാകും അന്തിമ തീരുമാനം. ഇതിനായുള്ള ആശയവിനിമയം പല തലത്തിൽ തുടരുകയാണെങ്കിലും ഉമ്മൻചാണ്ടി മനസ് തുറന്നിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണിയുടെ നേതൃനിരയിൽ ഉമ്മൻചാണ്ടി സജീവമാകണമെന്ന് ഘടകകക്ഷി നേതാക്കളും ചില കോൺഗ്രസ് നേതാക്കളും കൂടിക്കാഴ്ചയ്ക്കിടെ എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിനോടാവശ്യപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയോഗിക്കാനാണ് ഹൈക്കമാൻഡ് ആദ്യം ആലോചിച്ചത്. ഉമ്മൻ ചാണ്ടിയുടെ നിലപാടറിയുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹത്തെ നേരിൽ കാണുകയുണ്ടായി. പദവികളില്ലാതെ തന്നെ താൻ സജീവമാണല്ലോയെന്ന മറുപടിയാണദ്ദേഹം നൽകിയത്. തുടർന്നാണ് യു.ഡി.എഫിന്റെ സുപ്രധാന പദവിയിലേക്ക് തന്നെ പരിഗണിക്കണമെന്ന ചിന്ത ഹൈക്കമാൻഡിൽ സജീവമായത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് ശേഷം സംസ്ഥാനത്ത് പദവികളേറ്റെടുക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കമായിരുന്നില്ല. യു.ഡി.എഫ് ചെയർമാനായി അദ്ദേഹം തുടരണമെന്ന് ഘടകകക്ഷികളിൽ നിന്നടക്കം നിർദ്ദേശമുയർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യം സജീവമായി നിലനിറുത്തുന്നതിനായി മുന്നണി ചെയർമാൻ പദവി അദ്ദേഹത്തെ ഏല്പിക്കാൻ ചെന്നിത്തലയും താല്പര്യം കാട്ടിയതാണ്. എന്നാൽ ഉമ്മൻ ചാണ്ടിയടക്കം പിന്തുണച്ചാണ് ചെന്നിത്തല പ്രതിപക്ഷനേതാവായത്. സാധാരണ രീതിയിൽ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവാണ് യു.ഡി.എഫ് ചെയർമാനുമാകാറ്. അതിൽ മാറ്റം വരുത്തേണ്ടെന്നും ഉമ്മൻ ചാണ്ടി നിലപാടെടുത്തു. അതോടെയാണ് ചെന്നിത്തല ചെയർമാനായത്.
ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നണിയെ ഒറ്റക്കെട്ടായി നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വത്തോട് നീതി പുലർത്താൻ ചെന്നിത്തലയ്ക്കായെന്നാണ് വിലയിരുത്തൽ. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ഉമ്മൻ ചാണ്ടി മുൻനിരയിൽ സജീവമാകേണ്ടതിന്റെ ആവശ്യകത ഘടകകക്ഷികളടക്കം ഉയർത്തുന്നു. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഈ ഘട്ടത്തിൽ അദ്ദേഹത്തെ കൊണ്ടുവരുന്നത് ഉചിതമാകില്ല. കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്കും പറ്റില്ല.
ഉമ്മൻ ചാണ്ടിയെ ഏത് പദവിയിലേക്കും നിയോഗിക്കുന്നത് ഗുണകരമാകുമെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞതും ഹൈക്കമാൻഡിന്റെ മനസിലിരിപ്പ് അറിഞ്ഞാണെന്നാണ് സൂചന.