തിരുവനന്തപുരം: വാളയാർ കേസിൽ കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുടർ അന്വേഷണവും നടത്താൻ എല്ലാ സാഹചര്യങ്ങളും സർക്കാർ സൃഷ്ടിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകും. കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ വിധിയാണിതെന്നും മന്ത്രി പറഞ്ഞു.
വാളയാർ: ഒന്നാം പ്രതി സർക്കാരും മുഖ്യമന്ത്രിയുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വാളയാറിലെ രണ്ട് പിഞ്ചു പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് കേസ് അട്ടിമറിക്കപ്പെടാനും പ്രതികൾ രക്ഷപ്പെടാനുമിടയാക്കിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. കേസന്വേഷണത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ചയെ ഹൈക്കോടതി നിശിതമായാണ് വിമർശിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വിമർശനം.
സംസ്ഥാന സർക്കാരിനേറ്റ പ്രഹരം: ബി.ജെ.പി
തിരുവനന്തപുരം: വളയാർ കേസിൽ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നിലപാട് സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു. മന്ത്രി എ.കെ.ബാലൻ, മുൻ എം.പി. എം.ബി. രാജേഷ് തുടങ്ങിയ സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പ്രതികളെ രക്ഷിക്കാൻ നടന്ന ഇടപെടലാണ് കേസിനെ അട്ടിമറിച്ചത് .പൊലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും, കേസിലെ പ്രതികളെ രക്ഷിക്കാൻ കൂട്ടു നിന്നു .അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതൽ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പോലീസ് ശ്രമിച്ചത്