തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ കസ്റ്റംസ് കമ്മിഷണർക്ക് സഭാ ചട്ടങ്ങൾ ഓർമ്മിപ്പിച്ച് നിയമസഭാ സെക്രട്ടറിയുടെ കത്ത്. നിയമസഭാ മന്ദിരത്തിനകത്ത് പ്രവർത്തിക്കുന്ന എം.എൽ.എ മാരും സ്പീക്കറുടെ ജീവനക്കാരുമടക്കം ആർക്കും നോട്ടീസ് നൽകണമെങ്കിൽ സ്പീക്കറുടെ അനുമതി തേടണമെന്ന് നിയമസഭാ ചട്ടം 165 അനുശാസിക്കുന്നുണ്ടെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉറപ്പാക്കണമെന്നും കസ്റ്രംസ് കമ്മിഷണർക്കയച്ച കത്തിലുണ്ട്.
എന്നാൽ, സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിനെ തടയാനോ വിലക്കാനോ പോയിട്ടില്ലെന്നും നിയമസഭാ ചട്ടം കസ്റ്റംസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂവെന്നും സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. കെ.അയ്യപ്പൻ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരായേക്കും.