qq

മതിലകം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തീരദേശത്ത് വീണ്ടും മോഷണം. മതിലകം പുതിയകാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. പുതിയകാവ് സലഫി മസ്ജിദിന് എതിർവശത്ത് താമസിക്കുന്ന മുളംപറമ്പിൽ അൻസാരിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 3500 രൂപയും, ഒന്നര പവൻ തൂക്കം വരുന്ന രണ്ട് വളയും, എ.ടി.എം കാർഡുമാണ് മോഷണം പോയത്. എ.ടി.എം കാർഡ് ഉപയോഗിച്ച് പത്ത് തവണയായി 95,000 രൂപയും മോഷ്ടാക്കൾ പിൻവലിച്ചിട്ടുണ്ട്. എ.ടി.എം കാർഡിനൊപ്പം തന്നെ വീട്ടുകാർ പിൻ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പണം പിൻവലിച്ചിട്ടുള്ളത്. ജനവരി നാലിന് പത്ത് തവണയായി എ.ടി.എം ഉപയോഗിച്ച് പണം പിൻവലിച്ച സന്ദേശം അൻസാരിയുടെ ഫോണിൽ ലഭിച്ചിരുന്നു. പ്രവാസിയായ അൻസാരിയുടെ ഭാര്യയും മക്കളുമാണ് പുതിയകാവിലെ വീട്ടിൽ താമസിക്കുന്നത്. ഇവർ ഡിസംബർ 24 ന് കർണാടകയിലുള്ള മൂത്ത മകളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്റെ മുകളിലേക്ക് കോണി വച്ച് കയറി വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. മുറികളിലെ അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും, സ്വർണവും, എ.ടി.എം കാർഡുമാണ് കവർന്നത്. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി യിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇക്കഴിഞ്ഞ രണ്ടിന് പെരിഞ്ഞനം പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന് 81,000 രൂപ കവർന്നിരുന്നു.

രണ്ടാഴ്ച മുമ്പ് ചളിങ്ങാടും, ചെന്ത്രാപ്പിന്നിയിലും അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടന്നിരുന്നു. തീരദേശത്ത് തുടർച്ചയായി മോഷണം അരങ്ങേറുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.