വെള്ളരിക്കുണ്ട്: അദ്ധ്വാന ഫലം പുത്തരി സദ്യയാക്കി അതിഥികൾക്ക് വിളമ്പി ഗ്രാമ പഞ്ചായത്ത് അംഗം. ബളാലിലെ പതിനാറാം വാർഡ് മെമ്പർ ടി.എം. അബ്ദുൾ കാദറാണ് വീട്ടിലെത്തിയ അഥിതികൾക്ക് മനം നിറച്ച പുത്തരി സദ്യ വിളമ്പിയത്. വന്യമൃഗശല്യത്തെയും പ്രകൃതിക്ഷോഭത്തേയും അതിജീവിച്ച് നെല്ല് വിളയിക്കുന്ന കർഷകനാണ് കല്ലൻചിറ കുഴിങ്ങാട്ടെ അബ്ദുൾ ഖാദർ എന്ന നാട്ടുകാരുടെ സ്വന്തം അന്തുച്ച.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ട് മുറ്റത്തൊരുക്കിയ പുത്തരിസദ്യ പോയ കാല കാർഷിക സമൃദ്ധിയുടെ ഒരു ആചാരം കൂടിയായിരുന്നു. സദ്യയുടെ ആരംഭത്തിൽ ആദ്യം ശർക്കര ചോറ് വിളമ്പി. പിന്നീട് 9 കൂട്ടം കറികളുമായി വിഭവ സമൃദ്ധമായിരുന്നു അബ്ദുൽ കാദറിന്റെ പുത്തരി സദ്യ. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം. രാധാമണി തുടങ്ങി മുഴുവൻ പഞ്ചായത്ത് അംഗങ്ങളും വെള്ളരിക്കുണ്ട് തഹസീൽദാർ, സി.ഐ, കൃഷി ഓഫീസർ, വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രം പ്രസിഡന്റ് പി.വി. ഭാസ്‌ക്കരൻ, സെക്രട്ടറി പി.ടി. നന്ദകുമാർ, വ്യവസായി വി.കെ. അസീസ്, എം.പി. ജോസഫ്, എ.സി.എ. ലത്തീഫ് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പുത്തരി സദ്യയിൽ പങ്കെടുക്കുവാൻ എത്തി. വർഷങ്ങളായി മുടങ്ങാതെ പുത്തരി സദ്യ വിളമ്പുന്നയാളാണ് അബ്ദുൾ കാദർ. കർഷകനായ ജനപ്രതിനിധിക്ക് നാട് നൽകിയ അംഗീകാരം കൂടിയായിരുന്നു ഈ വിജയം.