തിരുവനന്തപുരം: നാല്പത് വർഷമായി പൊതുരംഗത്തുള്ള താൻ ഒരു രൂപയുടെയെങ്കിലും ആനുകൂല്യം ആരിൽ നിന്നെങ്കിലും കൈപ്പറ്റിയെന്ന് തെളിയിച്ചാൽ, ആ നിമിഷം ഈ ജോലി അവസാനിപ്പിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോളർ കടത്ത് കേസിലുൾപ്പെടെ ആഴ്ചകളായി തന്നെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങളിലാണ് സ്പീക്കറുടെ വൈകാരിക പ്രതികരണം.
'ആരോപണങ്ങളിൽ എനിക്ക് ഒരു ശതമാനവും ആശങ്കയില്ല ഒരു തെറ്റും ചെയ്യാത്തതിനാൽ ഒരിഞ്ചും തലകുനിക്കില്ല. എനിക്കെതിരെ തെളിവുണ്ടോ, ഇല്ലയോയെന്ന് പറയേണ്ടത് അന്വേഷണ ഏജൻസികളാണ്. പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനോടൊന്നും ഞാൻ പ്രതികരിക്കാനില്ല. എന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിൽ ഒരു ഭയവുമില്ല. എന്തിനെയാണ് ഞാൻ ഭയക്കേണ്ടത്?. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ വാങ്ങാനുണ്ടെങ്കിൽ അന്വേഷണ ഏജൻസി വാങ്ങട്ടെ'-സ്പീക്കർ പറഞ്ഞു.
സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫംഗത്തിന് നോട്ടീസ് നൽകിയ കസ്റ്റംസിനോട്, നിയമസഭാ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ നിയമസഭാ സെക്രട്ടറി ആവശ്യപ്പെട്ടതിനെപ്പറ്റി ചോദിച്ചപ്പോൾ, ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടേറിയറ്റ് തടസപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമസഭയുടെ വിശ്വാസ്യത പരിപാലിച്ചുകൊണ്ടുള്ള ഏതന്വേഷണവുമാകാം. അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് സെക്രട്ടറി ചെയ്തത്.
നിയമസഭാ ചട്ടം 165 പ്രകാരം സഭാപരിസരത്തുള്ളവരെല്ലാം സ്പീക്കറുടെ അധീനതയിലാണെന്നും, അതിനാൽ ഏത് നിയമ പ്രക്രിയയും സ്പീക്കറുടെ അനുമതിയോടെയാവണമെന്നും വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്ന നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ വിശദീകരിച്ചു. അന്വേഷണത്തെ തടസ്സപ്പെടുത്തിയിട്ടില്ല. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസ്-എമ്മിൽ രണ്ട് കൂട്ടരെയും ഒന്നിച്ചിരുത്തിയുള്ള വാദം കേൾക്കൽ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. അതിന്ശേഷം അയോഗ്യതാ പരാതികളിൽ അന്തിമ തീരുമാനമെടുക്കും. ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന പ്രശ്നം സംബന്ധിച്ച നിയമസഭാ പ്രിവിലീജസ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് സഭയിൽ അവതരിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു.