തിരുവനന്തപുരം: സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽചർച്ചയ്ക്കെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പതിനാല് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്ന നിബന്ധന ഉൾപ്പെടെ പാലിക്കപ്പെടുന്നതിനാൽ ഇക്കുറി പ്രതിപക്ഷത്തിന്റെ നോട്ടീസ് ചട്ടവിരുദ്ധമല്ല. ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് യുക്തമായ നടപടി സ്വീകരിക്കും. സ്പീക്കർക്കെതിരെ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്.
ഇന്ന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാസമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിക്കും. അന്തരിച്ച ചങ്ങനാശ്ശേരി എം.എൽ.എ സി.എഫ്. തോമസിന് ആദരാഞ്ജലിയർപ്പിച്ച് 11-ാംതീയതി സഭ പിരിയും. 12 മുതൽ 14വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയാണ്. 15ന് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 18 മുതൽ 20വരെയാണ് ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ച. പുതിയ സാമ്പത്തികവർഷം ആരംഭിക്കാത്തതിനാൽ, അടുത്ത നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് 25ന് പാസാക്കും. 11ന് ചേരുന്ന കാര്യോപദേശകസമിതി മറ്റ് അജൻഡകൾ തീരുമാനിക്കും. 28വരെയാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്.
ഇ- നിയമസഭാ പദ്ധതി വലിയ അളവിൽ പൂർത്തീകരിച്ച ശേഷമുള്ള ആദ്യസമ്മേളനമാണിത്.