walayar

പൊലീസും പ്രോസിക്യൂഷനും ചേർന്ന് കേസ് കുഴിച്ചുമൂടിയതാണെന്ന്, നീതിയുടെ മുഴക്കമായി മാറിയ വിധിയിൽ ഹൈക്കോടതി എണ്ണിപ്പറഞ്ഞതോടെ, വാളയാറിലെ ബാലികമാരോട് മാപ്പിരക്കുകയാണ് കേരളം. സഹോദരിമാരായ കുഞ്ഞുങ്ങളോട് കൊടുംക്രൂരത ചെയ്ത കേസിൽ നീതി നടപ്പാക്കാൻ വിചാരണക്കോടതിക്ക് കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞ ഹൈക്കോടതി, ഇരകൾ നിസഹായരാവുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും വാളയാർ കേസ് മനസിന് വിങ്ങലുണ്ടാക്കുന്നെന്നും ആരെ വിശ്വസിക്കണമെന്ന് അറിയാതെ കുട്ടികൾ അനുഭവിച്ച നിസഹായാവസ്ഥ മനസിലാക്കുന്നതായും രക്ഷിതാവിന്റെ ഹൃദയത്തോടെ വിധിയെഴുതി. ഹൈക്കോടതിയിൽ നീതിയുടെ ഉയിർപ്പുണ്ടായതോടെ, വീടെന്നു പറയാനാവാത്ത, അടച്ചുറപ്പില്ലാത്ത ഷെഡിലെ കഴുക്കോലിൽ തൂങ്ങിയാടിയ പതിമ്മൂന്നും ഒമ്പതും വയസുള്ള കുഞ്ഞുങ്ങളുടെ മരണത്തിലെ നേരറിയാൻ സി.ബി.ഐയും എത്തിയേക്കും.

കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പൊലീസിന്റെ ഒറ്റവാദം മതി വാളയാർ കേസിലെ അട്ടിമറികളുടെ വ്യാപ്തി മനസിലാക്കാൻ. പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടിയുമായി സമ്മതപ്രകാരമുള്ള ബന്ധം പോലും കുറ്റകരമായ നാട്ടിലാണ് കുഞ്ഞുങ്ങളുടെ 'ഉഭയകക്ഷിസമ്മതം' എന്ന വിചിത്രവാദമുന്നയിച്ച് പൊലീസ് അപഹാസ്യരാവുന്നത്. രാജ്യത്ത് നമ്പർ വൺ എന്നു പേരുകേട്ട നമ്മുടെ പൊലീസിന് ഇതെന്തുപറ്റി? പൊലീസ് പിതാവിന്റെ സ്ഥാനത്തു നിന്ന് പഴുതടച്ച് അന്വേഷണം നടത്തി, നരാധമന്മാരെ നീതിപീഠത്തിനു മുന്നിൽ നിറുത്തണമെന്ന് കേരളം ആഗ്രഹിച്ചപ്പോൾ, എസ്.ഐ ചാക്കോയുടെ നേതൃത്വത്തിൽ വാളയാറിൽ നടന്നത് മറ്റൊന്നാണ്. ചാക്കോയ്‌ക്ക് കാക്കിയിടാൻ എന്ത് അർഹതയെന്ന് ഹൈക്കോടതി ചോദിച്ചെങ്കിലും, സർക്കിൾ ആയി ഉദ്യോഗക്കയറ്റം നൽകി ആദരിക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിനെ വിമർശിച്ചെന്ന കാരണത്താൽ മുതിർന്ന ഡി.ജി.പി ജേക്കബ് തോമസിനെ രണ്ടുവർഷത്തോളം സസ്പെൻഡ് ചെയ്തെങ്കിൽ, ചാക്കോയ്ക്ക് കേവലം ആറുമാസത്തെ സസ്പെൻഷൻ! അന്വേഷണം അട്ടിമറിച്ചെന്ന് മാതാപിതാക്കൾ ആരോപിക്കുന്ന ഡിവൈ.എസ്.പി എം.ജെ. സോജനെ എസ്.പിയാക്കി ഉയർത്തുകയും ചെയ്തു സർക്കാർ.

പൊലീസും പ്രോസിക്യൂഷനും കോടതിയും ചേർന്ന് നീതിയുടെ കണ്ണുകൾ മൂടിക്കെട്ടിയതാണ് വാളയാർ കേസിൽ കണ്ടത്. പ്രതികളെ വെറുതേ വിട്ടത് മതിയായ തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരർത്ഥകമാക്കിയത്. സത്യം പുറത്തുകൊണ്ടുവരാൻ വിചാരണക്കോടതി ഫലപ്രദമായി ഇടപെട്ടതുമില്ല. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന് തെളിവില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. പ്രധാന സാക്ഷികളായ അമ്മയുടെയും രണ്ടാനച്ഛന്റെയും മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെയും മൊഴികളിൽ വിശ്വാസ്യതയില്ലെന്നും പ്രതികളാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് നേരിട്ടുള്ള തെളിവുകളില്ലെന്നുമാണ് യുക്തിരഹിതമായി വിചാരണക്കോടതി വിലയിരുത്തിയത്. 2016ലെ സ്‌കൂൾ അവധിക്കാലത്ത് മൂത്തകുട്ടിയെ 'വലിയ മധു' പീഡിപ്പിക്കുന്നത് നേരിൽ കണ്ടെന്ന രണ്ടാനച്ഛന്റെ മൊഴിയും ഇളയമകളുടെ പിറന്നാൾ ആഘോഷ ദിവസം അർദ്ധരാത്രിയിൽ ഉറക്കമുണർന്നപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ കൂടെ 'കുട്ടി മധുവിനെ' കണ്ടെന്ന അമ്മയുടെ മൊഴിയും കോടതി തള്ളിക്കളഞ്ഞു. രക്ഷിതാക്കൾ പീഡന വിവരം ആദ്യത്തെ അന്വേഷണ സംഘത്തോട് മറച്ചുവെച്ചതെന്തുകൊണ്ട് ? കുട്ടി മധു എന്ന പ്രതിയെ പെൺകുട്ടിയുടെ അടുത്ത് നഗ്നനായി കണ്ടെന്ന് അമ്മ പറഞ്ഞിട്ടും പ്രതിയെ പിന്നെയും വീട്ടിൽ താമസിപ്പിച്ചത് എന്തുകൊണ്ട് ? എന്നീ ചോദ്യങ്ങളാണ് വിചാരണക്കോടതി ഉന്നയിച്ചത്.

മൂത്ത പെൺകുട്ടിയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചതേയില്ല. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് വ്യക്തമാണ്. മരണകാരണം പീഡനത്തിൽ മനംനൊന്താണെന്ന് വ്യക്തമാക്കുന്ന തെളിവില്ല. പ്രതി ഷിബു കുറച്ചുകാലമായി പെൺകുട്ടികളുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അതിനാൽ പീഡിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നുവെന്ന് മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനായത്. രണ്ടാനച്ഛൻ നേരിൽക്കണ്ട പീഡന വിവരം കോടതിയിൽ കൃത്യമായി പറഞ്ഞില്ല. പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടെന്നാണ് പറഞ്ഞത്. ഷിബുവിനെതിരെ അമ്മയ്‌ക്ക് പരാതിയില്ല. ഇളയകുട്ടിയുടെ മരണശേഷം ഒരു ദിവസം മദ്യപിക്കുന്നതിനിടെയാണ് ഷിബു പെൺകുട്ടിയോട് താൻ മോശമായി പെരുമാറിയതെന്നും മധുവിനെയും സമാന സാഹചര്യത്തിൽ കണ്ടിട്ടുണ്ടെന്നും രണ്ടാനച്ഛനോട് വെളിപ്പെടുത്തിയത്. പൊലീസിനോട് പറയാതിരുന്ന ഈ മൊഴി പ്രോസിക്യൂഷന്റെ ക്രോസ് വിസ്‌താരത്തിലാണ് വ്യക്തമായത്. പല തവണയായി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞിട്ടും അന്നൊന്നും പൊലീസിൽ പരാതിപ്പെടാതെ കുട്ടികളുടെ മരണശേഷം വൈകിയ വേളയിൽ ഇക്കാര്യം വ്യക്തമാക്കുന്നത് വിശ്വാസയോഗ്യമല്ല- പാലക്കാട് പോക്സോ കോടതിയുടെ പ്രഹസനമായ ഇത്തരം നിരീക്ഷണങ്ങളും അതേത്തുടർന്ന് പ്രതികളെ വെറുതേ വിട്ടതുമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൗമാരക്കാരായ കുട്ടികൾക്ക് അപമാനമുണ്ടാകുമെന്ന് ഭയന്നാണ് പ്രതികൾക്കെതിരെ നേരത്തെ പറയാതിരുന്നതെന്ന രക്ഷിതാക്കളുടെ മൊഴി പരിഗണിക്കേണ്ടതായിരുന്നെന്നാണ് ഹൈക്കോടതി ഉത്തരവിൽ. നീതിപൂർവമായ വിചാരണ പ്രോസിക്യൂഷന്റെയും പ്രതികളുടെയും അവകാശമാണെന്നും സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകൾ കോടതി ജാഗ്രതയോടെയും കരുതലോടെയും കൈകാര്യം ചെയ്യണമെന്നും ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി നീതിയുടെ പ്രകാശഗോപുരമായി.

ആ ജീവന് ഉത്തരവാദി പൊലീസ്


വാളയാർ പൊലീസ് ഗൗരവത്തോടെ കേസ് അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്ന് ഹൈക്കോടതിയിലെ അപ്പീലിൽ സർക്കാർ തുറന്നു സമ്മതിക്കുന്നുണ്ട്. കുട്ടികളുടെ അമ്മയും ഭർത്താവും നൽകിയ ദൃക്‌സാക്ഷി മൊഴികൾ തള്ളിക്കളഞ്ഞതും, സാക്ഷിമൊഴികൾ കൃത്രിമ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തിയതും പ്രതികളിൽ ഒരാളുടെ പേര് പെൺകുട്ടി പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുക്കാതിരുന്നതും വലിയ വീഴ്ചയായെന്നാണ് സർക്കാരിന്റെ ഏറ്റുപറച്ചിൽ. 13 വയസുള്ള മൂത്തകുട്ടിയെ 2017 ജനുവരി 13 നും ഒമ്പതുകാരിയായ ഇളയകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.


വാളയാറിൽ മരിച്ച മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രത്തിലുണ്ടായിരുന്നു. ലൈംഗിക പീഡനവും ബലാത്സംഗവും, കുട്ടി മരിച്ച 2017 ജനുവരി 17 വരെ നീണ്ടുനിന്നതായും, പെൺകുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വച്ച് പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ടുപേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം പെൺകുട്ടിയോട് മോശമായി പെരുമാറുന്നത് കണ്ടുവെന്ന രണ്ടാനച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്നും രക്ഷനേടാൻ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ നൽകിയ മൊഴി. പ്രതികൾ ഉപദ്രവിക്കുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നെന്ന് പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടായിരുന്നു.

പൊലീസ് രണ്ടുമാസം അന്വേഷിച്ചിട്ടും ഗുരുതരമായ കുറ്റകൃത്യം കണ്ടെത്താനായില്ല. പീഡനം നടന്നെന്ന് ഫോറൻസിക് സർജൻ കണ്ടെത്തിയിട്ടും ജാഗ്രത കാട്ടിയില്ല. നരഹത്യാ സാദ്ധ്യത ഫോറൻസിക് സർജൻ ചൂണ്ടിക്കാട്ടിയിട്ടും തള്ളിക്കളഞ്ഞു. നരഹത്യയാണെന്ന് പരാതി കിട്ടിയിട്ടും അന്വേഷിച്ചില്ല. പോക്സോ കേസിൽ തെളിവു ശേഖരിക്കേണ്ട ദൗത്യം പാലിച്ചില്ല. സമൂഹത്തിൽ ചീത്തപ്പേരുണ്ടാകുമെന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന അമ്മയുടെ മൊഴി തള്ളിക്കളഞ്ഞു.

വിചാരണാവേളയിൽ 53 സാക്ഷികളിൽ 28 പേരെ വിസ്തരിച്ചു. പ്രധാനപ്പെട്ട സാക്ഷികളെ കൃത്യമായ കാരണം പറയാതെ ഒഴിവാക്കി. ഒരു പ്രതിയുടെ പേര് പെൺകുട്ടി പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുത്തില്ല. ഇതു പെൺകുട്ടിയുടെ മരണമൊഴിക്കു തുല്യമായിരുന്നു. ഇളയകുട്ടിയുടെ വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. എന്നാൽ, ഇത്തരമൊരു മുറിവിനെപ്പറ്റി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. മൂന്നുമീറ്റർ ഉയരത്തിൽ തുണികെട്ടിയാണ് ഇളയകുട്ടി തൂങ്ങി മരിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ 132 സെന്റീമീറ്റർ മാത്രം ഉയരമുള്ള കുട്ടിയ്ക്ക് ഇതിന് കഴിയില്ലെന്നതാണ് വസ്തുത.

പൊലീസിന്റെ വീഴ്ചയായി ഹൈക്കോടതി പറഞ്ഞതിങ്ങനെ - പ്രാഥമിക അന്വേഷണ ചുമതലയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ വേണ്ടത്ര ജാഗ്രത കാട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. ഇയാൾ അന്വേഷണത്തിൽ കാട്ടിയ ഉപേക്ഷ നിരാശാജനകമാണ്. സാധാരണഗതിയിൽ പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ അസാധാരണമായ എന്തോ കാരണമുണ്ടെന്ന് കർത്തവ്യബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനു തോന്നേണ്ടതാണ്. ഈ കേസിൽ അതുണ്ടായില്ല. പീഡനം നടന്നെന്നു തെളിയിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടല്ലാതെ മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു കഴിഞ്ഞില്ല. തെളിവുകൾ ശരിയായി ശേഖരിക്കാനോ നിയമപരമായി കോടതിയിൽ അവതരിപ്പിക്കാനോ കഴിഞ്ഞില്ല.

സി.ബി.ഐ വരും

ഇത്രയും അട്ടിമറികളുണ്ടായ കേസിൽ തുടരന്വേഷണത്തിന് സി.ബി.ഐയെ ഹൈക്കോടതി ചുമതലപ്പെടുത്തിയേക്കും. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അന്തിമ റിപ്പോർട്ട് നൽകിയശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതേസമയം, പുതിയ തെളിവുകളുണ്ടെന്നും കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും സർക്കാരിന് ഹൈക്കോടതിയോട് അപേക്ഷിക്കാം. ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണ ഉത്തരവിടാനാവും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേ, സെഷൻസ് കോടതി വിചാരണ നടത്തി വിധി പറഞ്ഞ കേസായതിനാൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടുന്നതാണ് നിയമപരമായ നടപടിക്രമമെന്ന് സി.ബി.ഐയുടെ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. പൊലീസിന്റെ തുടരന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണമാണ് വേണ്ടതെന്നുമാണ് കുട്ടികളുടെ അമ്മയുടെ നിലപാട്. തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്.