റോവൻ അറ്റ്‌കിൻസൺ എന്ന പേര് പലർക്കും പരിചിതമായിരിക്കില്ല. എന്നാൽ Mr. ബീൻ എന്ന പേര് പറഞ്ഞാൽ ലോകമെമ്പാടുമുള്ള ആരാധകർ ആവേശം കൊള്ളും.ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗ് മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുമ്പോഴാണ് റോവൻ അറ്റ്‌കിൻസണിന്റെ മനസിൽ Mr. ബീൻ പിറവിയെടുക്കുന്നത്.ശബ്ദവൈകല്യത്തിന്റെ പേരിൽ ആദ്യ കാലത്ത് റോവനെ മാറ്റിനിറുത്തിയ പലരും Mr. ബീൻ തരംഗമായതോടെ അദ്ദേഹത്തെ അഭിനയിക്കാൻ മത്സരിച്ചു.
ഒരേ കഥാപാത്രങ്ങൾ വിവിധ കഥാസന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന 'സിറ്റ് കോമി"ലൂടെ തുടക്കമിട്ട റോവനെ താരമാക്കിയത് Mr. ബീനാണ്.
സാങ്കല്പിക വ്യക്തികളുമായി നടത്തുന്ന തമാശ അഭിമുഖ പരമ്പരയായ ദ അറ്റ്കിൻസൺ പീപ്പിൾ എന്ന ബി.ബി.സി റേഡിയോ ഷോയിലൂടെ തുടക്കമിട്ട റോവന് Mr. ബീൻ എന്ന ടിവി സീരിസ് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു.Mr. ബീൻ, ബീൻ, Mr. ബീൻസ് ഹോളിഡേ തുടങ്ങി Mr. ബീൻ കേന്ദ്ര കഥാപാത്രമാകുന്ന സിനിമകളും വന്നു.പ്രായം കടക്കുമ്പോഴും കുട്ടിത്തവും കുസൃതിയും തമാശയും അവതരിപ്പിക്കുന്നതിലെ പൊരുത്തക്കേട് തുറന്നുപറഞ്ഞ് 2012-ൽ ഇനി Mr. ബീനാകാൻ താനില്ലെന്ന് റോവൻ അറ്റ് കാൻസൺ പ്രഖ്യാപിച്ചെങ്കിലും 2016-ൽ തീരുമാനം മാറ്റി.
ഹുവാൻ ലേ സ്‌കിജു റേൻ എന്ന ചൈനീസ് ചിത്രത്തിൽ Mr. ബീനായി പ്രത്യക്ഷപ്പെട്ടു.കർഷകനായ എറിക് അറ്റ്കിൻസണിന്റെയും എല്ലമേയുടെയും നാല് മക്കളിൽ ഇളയവനായി 1955 ജനുവരി ആറിനാണ് റോവൻ അറ്റ്‌കിൻസണിന്റെ ജനനം.1990-ൽ ബി.ബി.സിയിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റായിരുന്ന സുനേട്ര സസ്ട്രിയെ വിവാഹം കഴിച്ചുവെങ്കിലും 2015-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ബെൻ, ലില്ലി എന്നീ രണ്ട് മക്കൾ.2018-ൽ പുറത്തിറങ്ങിയ ജോണി ഇംഗ്ളീഷ് സ്ട്രൈക്ക്സ് എഗെയ്‌ൻ എന്ന ചിത്രത്തിലാണ് ഒടുവിലഭിനയിച്ചത്.