വെറും ഏഴു കിലോമീറ്റർ പണി പൂർത്തിയായതോടെ നിന്നുപോയ അങ്കമാലി - എരുമേലി ശബരി റെയിൽപാത നിർമ്മാണ പദ്ധതിക്കു വീണ്ടും ജീവൻ വയ്ക്കുന്നുവെന്ന വാർത്ത കേരളത്തിനു മാത്രമല്ല പുറത്തുള്ളവർക്കും ആഹ്ലാദം പകരുന്നതാണ്. ഇരുപത്തിരണ്ടു വർഷം മുമ്പത്തെ റെയിൽവേ ബഡ്ജറ്റിൽ ഇടം പിടിച്ച ഈ പദ്ധതിക്ക് അന്നു ചെലവു കണക്കാക്കിയത് 517 കോടി രൂപയാണ്. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രതിബന്ധങ്ങൾ വന്നു നിരന്നതോടെ അത് കിടപ്പിലുമായി. ഓരോ വർഷവും പാർലമെന്റിൽ റെയിൽവേ ബഡ്ജറ്റ് വരുമ്പോൾ മാത്രം ശബരി റെയിൽ പാത സ്മരണയിൽ ഉയിർത്തെഴുന്നേൽക്കുന്നതല്ലാതെ ഒരടി പോലും അത് മുന്നോട്ടുപോയില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ലക്ഷക്കണക്കിനുള്ള അയ്യപ്പഭക്തന്മാർക്ക് സുഗമമായി എരുമേലി വരെ യാത്രാസൗകര്യം ഒരുക്കാവുന്ന പദ്ധതിയായിട്ടും രണ്ടു പതിറ്റാണ്ടിലധികമായി അവഗണിക്കപ്പെട്ട നിലയിലായിരുന്നു. ഈ നിഷ്ക്രിയതയും അവഗണനയും ഓരോ വർഷവും പാത നിർമ്മാണച്ചെലവ് വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് അത് 2815 കോടി രൂപയാണ്. റെയിൽവേയുടെ പുതിയ നയമനുസരിച്ച് ഏതു പാത വികസന പദ്ധതിയുടെയും പകുതി ചെലവ് ബന്ധപ്പെട്ട സംസ്ഥാനം വഹിക്കണമെന്നതാണ്. അതനുസരിച്ച് ശബരി പാതയ്ക്കാവശ്യമായ നിർമ്മാണച്ചെലവിന്റെ പകുതി വരുന്ന 1407 കോടി രൂപ വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായതോടെയാണ് ശബരി പാതയ്ക്കു പുതുജീവൻ ലഭിക്കുന്നത്. അടിസ്ഥാന വികസന പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട കിഫ്ബി മുഖേന ശബരി പാതയ്ക്കാവശ്യമായ തുക കൈമാറാനുള്ള തീരുമാനം മന്ത്രിസഭായോഗം എടുത്തുകഴിഞ്ഞു. സാങ്കേതികവും ഭരണപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് റെയിൽവേയുടെ അനുമതി ലഭ്യമാകുമെന്നാണു കരുതുന്നത്. പുതിയ കേന്ദ്ര ബഡ്ജറ്റിൽ ശബരി പാത ഉൾപ്പെടുത്താനാവശ്യമായ ശ്രമവും ഇതോടൊപ്പം ഉണ്ടാകേണ്ടതുണ്ട്.
ശബരിമല തീർത്ഥാടകരെ മാത്രം ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല ശബരി പാതയ്ക്കുവേണ്ടി കേരളം മുറവിളി ഉയർത്തിക്കൊണ്ടിരുന്നത്. മദ്ധ്യകേരളത്തിൽ സമഗ്ര വികസനത്തിന് വഴിവയ്ക്കുന്നതാകും ഈ പുതിയ പാത. എറണാകുളം ജില്ലയ്ക്കു പുറമെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന ശബരി പാത ഈ പ്രദേശങ്ങളെ പുതിയൊരു വികസന ഭൂപടത്തിന്റെ ഭാഗമാക്കുകയും ചെയ്യും. എരുമേലിയിൽ നിന്ന് ഭാവിയിൽ പുനലൂരിലേക്കും അവിടെ നിന്ന് തമിഴ്നാട്ടിലേക്കും പാത ദീർഘിപ്പിക്കാനും കഴിയും. 111 കിലോമീറ്റർ വരുന്ന അങ്കമാലി - എരുമേലി പാതയുടെ പണി വീണ്ടും ഏറ്റെടുത്തുകഴിഞ്ഞാൽ അഞ്ചുവർഷത്തിനകം പൂർത്തിയാക്കാനാവുമെന്നാണു കരുതുന്നത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ ആശ്രയിച്ചാണ് പദ്ധതിയുടെ വിജയം കുടികൊള്ളുന്നത്. നേരത്തെയും സ്ഥാപിത താത്പര്യക്കാർ പദ്ധതിക്കെതിരായ നിലപാടെടുത്തതാണ് വിനയായതെന്ന വസ്തുത മറന്നുകൂടാ. റെയിൽ വികസനവുമായി സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണു സ്ഥലമെടുപ്പ്. ശബരി പാത ഇനിയെങ്കിലും സമയബന്ധിതമായി പൂർത്തിയാകണമെങ്കിൽ ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കണം.
കാലം ഏറെയായിട്ടും സംസ്ഥാനത്തെ റെയിൽ വികസനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. പുതിയ പാതകൾക്കായുള്ള കാത്തിരിപ്പ് പതിറ്റാണ്ടുകളായി തുടരുകയാണ്. ഏറെ പ്രതീക്ഷ ജനിപ്പിച്ച വലിയ പദ്ധതികൾ കടലാസിൽത്തന്നെയാണ്. സബർബൻ സർവീസ്, സിൽവർ ലൈൻ, മെട്രോ പദ്ധതികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തിരുവനന്തപുരത്തു നിന്ന് നാലു മണിക്കൂർ കൊണ്ട് കാസർകോട്ട് എത്താനാവുന്ന അതിവേഗ ട്രെയിൻ സർവീസിനായുള്ള പുതിയ പാതക്കെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ആദ്യം എതിർക്കുകയും പിന്നീട് അതിനായി വിലപിക്കുകയും ചെയ്യുക എന്നതാണല്ലോ നമ്മുടെ പതിവു ശീലം. പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം, പുതിയ ട്രെയിനുകൾ, സ്റ്റേഷൻ നവീകരണവും സൗകര്യങ്ങൾ വർദ്ധിപ്പിക്കലും തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനം ഇപ്പോഴും അവഗണന നേരിടുകയാണ്. വലിയ മുതൽമുടക്കില്ലാതെ ഏറ്റെടുക്കാവുന്ന പദ്ധതികൾക്കുപോലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കൊവിഡ് കാലമായതോടെ ഉണ്ടായിരുന്ന യാത്രാസൗകര്യങ്ങളും നിറുത്തലാക്കിയത് നിത്യയാത്രക്കാർക്ക് വലിയ തിരിച്ചടിയായി. പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കാത്തത് സാധാരണ യാത്രക്കാരെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്.
ബഡ്ജറ്റുകളിൽ ഇടം നേടുകയും ഏറ്റെടുക്കാത്തതുമായ ഒട്ടേറെ റെയിൽ വികസന പദ്ധതികളുണ്ട്. അങ്കമാലി - എരുമേലി പദ്ധതിക്കു ശാപമോക്ഷമാകുമ്പോൾ ഏറെക്കാലമായി കാത്തിരിക്കുന്ന ഗുരുവായൂർ - കുറ്റിപ്പുറം പാത പ്രതീക്ഷയോടെ മുമ്പിലുണ്ട്. ചെലവിന്റെ പകുതി മുടക്കാൻ സംസ്ഥാനം തയ്യാറായാൽ ഇത്തരം പദ്ധതികൾ ഏറ്റെടുക്കാമെന്ന റെയിൽവേയുടെ പുതിയ നയം പുതിയ സാദ്ധ്യതയായി സംസ്ഥാന സർക്കാർ കാണണം. റോഡ് വികസനത്തിനൊപ്പം റെയിൽവേ വികസനവും ദ്രുതഗതിയിലാകേണ്ടതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടണം. അതിനുവേണ്ടിയുള്ള നീക്കങ്ങൾ വേഗത്തിലാവുകയും വേണം.